സൗരോർജ ഉൽപാദകർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ‘ഗ്രോസ് മീറ്ററിങ് ‘ നടപ്പാക്കില്ല

സൗരോർജ ഉൽപാദകർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ഗ്രോസ് മീറ്ററിങ് രീതി നടപ്പാക്കുന്നില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് പ്രത്യേക അപേക്ഷ നൽകിയാൽ പൊതു തെളിവെടുപ്പ് നടത്തി തീരുമാനിക്കുമെന്നും റഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കി.

സംസ്ഥാനത്ത് സോളർ വൈദ്യുത ഉൽപാദകർ 1.2 ലക്ഷവും അല്ലാത്ത ഉപയോക്താക്കൾ 1.35 കോടിയും ആണെന്നും 1.2 ലക്ഷം പേരുടെ ബാധ്യത 1.35 കോടി ഉപയോക്താക്കളുടെ മേൽ കെട്ടി വയ്ക്കുന്നതു ന്യായം അല്ലെന്നും വൈദ്യുതി ബോർഡിന്റെ പ്രതിനിധി കമ്മിഷന്റെ തെളിവെടുപ്പിൽ വാദിച്ചു.സോളർ ഊർജ ഉൽപാദകർ ഉൾപ്പെടെ ഒട്ടേറെ പേർ തെളിവെടുപ്പിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

നിലവിൽ സൗരോർജ ഉൽപാദകർ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയെക്കാൾ കൂടുതൽ ഉപയോഗിച്ചാൽ മാത്രം അധിക നിരക്ക് നൽകിയാൽ മതി.കൂടുതൽ ഉപയോഗിക്കുന്നില്ലെങ്കിൽ ഫിക്സഡ് ചാർജ്,സർചാർജ്,തീരുവ തുടങ്ങിയവ മാത്രമേ ഉള്ളൂ. എന്നാൽ ഗ്രോസ് മീറ്ററിങ് വന്നാൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് മൊത്തം നിശ്ചിത വില ബോർഡ് കണക്കാക്കും.ഉപയോഗിക്കുന്ന വൈദ്യുതിക്ക് മറ്റ് ഉപയോക്താക്കൾക്ക് നൽകുന്നതു പോലെ ഉയർന്ന നിരക്കിലുള്ള ബിൽ നൽകും.ഈ തുകകൾ തമ്മിലുള്ള വ്യത്യാസം ഉപയോക്താവ് അടയ്ക്കണം.ഇത് സൗരോർ‌ജ ഉൽപാദകർക്ക് വലിയ നഷ്ടം ഉണ്ടാക്കുമെന്നു മാത്രമല്ല പുരപ്പുറ സൗരോർജ പദ്ധതിയോടുള്ള താൽപര്യം ഇല്ലാതാക്കുകയും ചെയ്യും

ഇതു സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിനാണ് കമ്മിഷൻ ഇന്നലെ തെളിവെടുപ്പ് നടത്തിയത്.2029–30 ആകുമ്പോഴേക്കും സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 50% പുനരുപയോഗിക്കാവുന്ന ഉറവിടങ്ങളിൽ നിന്നുള്ള ഊർജം ആയിരിക്കണമെന്ന കരട് ചട്ടങ്ങളിലെ വ്യവസ്ഥ 40% ആയി കുറയ്ക്കണം എന്ന് ബോർഡ് ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാർ 40% ആണ് ലക്ഷ്യമിട്ടിരിക്കുന്നത് എന്നും ബോർഡ് അധികൃതർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *