ജെറ്റ് എയർവേയ്സിന്റെ ഉടമസ്ഥാവകാശം ജലാൻ കാൽറോക്ക് കൺസോർഷ്യത്തിന് കൈമാറാൻ ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണൽ ഉത്തരവിട്ടത് മാർച്ചിലാണ്. ഇതിനെതിരെയാണ് ജെറ്റ് എയർവേയ്സ് കുടിശിക വരുത്തിയിട്ടുള്ള ബാങ്കുകളുടെ കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.ഏറ്റെടുക്കൽ അനുവദിക്കരുതെന്നും ലിക്വിഡേഷൻ നടപടി വേണമെന്നുമായിരുന്നു ആവശ്യം. ജെറ്റ് എയർവേയ്സിനെ ബിസിനസിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ആത്മാർഥമായ സമീപനം കൺസോർഷ്യത്തിന് തുടക്കം മുതലേ ഉണ്ടായിരുന്നില്ലെന്നതാണ് ബാങ്കുകളുടെ വിമർശനം.കൺസോർഷ്യം ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സുരക്ഷാ ക്ലിയറൻസ് തേടിയിട്ടില്ലെന്നും ബാങ്കുകൾ കോടതിയിൽ ഉന്നയിച്ചിരുന്നു.വർഷങ്ങൾ കഴിഞ്ഞിട്ടും തങ്ങൾക്ക് പണം നൽകുന്ന കാര്യത്തിൽ കൺസോർഷ്യം വീഴ്ച വരുത്തി. ആദ്യ ഗഡുവായി നൽകേണ്ട 350 കോടി രൂപയിൽ 200 കോടി രൂപ മാത്രമാണ് നൽകിയത്.
പുനരുജ്ജീവന ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്, കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ച് ബാധ്യത തീർക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇതുനുസരിച്ച് കമ്പനിയുടെ ബാക്കിയുള്ള ആസ്തികൾ പണമാക്കി മാറ്റി വായ്പ നൽകിയ ബാങ്കുകൾക്കടക്കം നൽകും. ജെറ്റ് എയർവേയ്സ് എന്ന ബ്രാൻഡ് ഇതോടെ പൂർണമായും ചരിത്രമാകും. 2019ൽ പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേയ്സിനെ യുകെ ആസ്ഥാനമായ കാൽറോക്ക് ക്യാപ്പിറ്റലും യുഎഇ വ്യവസായി മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്യം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ഈ ഏറ്റെടുക്കൽ ശ്രമം ഇതോടെ അവസാനിച്ചു.