ഭക്ഷ്യോൽപന്നങ്ങൾ മുതൽ ബഹിരാകാശ ഉപകരണങ്ങൾക്കുള്ള ഇലക്ട്രോണിക് ഘടകങ്ങൾ വരെ നിർമിക്കുന്ന നെസ്റ്റ് ഗ്രൂപ്പിലെ മുൻനിര കമ്പനിയായ എസ്എഫ്ഒ ടെക്നോളജീസ് ഐപിഒയ്ക്ക് (പ്രഥമ ഓഹരി വിൽപന) ഒരുങ്ങുന്നു. രണ്ടു വർഷത്തിനകം കമ്പനി ലിസ്റ്റ് ചെയ്യാനാണു നീക്കം.
രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ കയറ്റുമതി സ്ഥാപനങ്ങളിലൊന്നായ എസ്എഫ്ഒ ടെക്നോളജീസ് വൻ വികസന പദ്ധതികൾ ലക്ഷ്യമിട്ടാണ് ഐപിഒ നടത്തുന്നതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ.ജഹാംഗീർ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം 2,500 കോടി രൂപയായിരുന്നു വിറ്റുവരവ്. 3 വർഷത്തിനകം 800 കോടി രൂപ കൂടി വരുമാനം നേടാൻ കഴിയുമെന്നാണു പ്രതീക്ഷ.
വർഷം തോറും 12% വളർച്ചയാണു നേടുന്നത്. രാജ്യത്തെ ആദ്യ സ്വകാര്യ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിച്ചത് എസ്എഫ്ഒയാണ്. ആഗോള കമ്പനികൾക്കു വേണ്ടി മെഡിക്കൽ, ഡിഫൻസ്, ലോജിസ്റ്റിക്സ്, എയ്റോനോട്ടിക്സ്, സ്പേസ് ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും വികസിപ്പിക്കുകയും നിർമിച്ചു നൽകുകയും ചെയ്യുന്ന അപൂർവം ഇന്ത്യൻ കമ്പനികളിലൊന്നാണ് എസ്എഫ്ഒ.സങ്കീർണമായ പിസിബി (പ്രിന്റഡ് സർക്കീറ്റ് ബോർഡ്) അസംബ്ലി നിർമാണമാണു പ്രധാന മേഖല. ചന്ദ്രയാൻ, ആദിത്യ പദ്ധതികൾക്കായി ആർഎഫ് (റേഡിയോ ഫ്രീക്വൻസി) പാക്കേജുകൾ നിർമിച്ചത് എസ്എഫ്ഒയാണ്.