ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന്‍റെ വില 83.2950 രൂപയായി. രൂപയ്ക്ക് കനത്ത തിരിച്ചടി ഉണ്ടായതോടെ റിസര്‍വ് ബാങ്ക് കൂടുതല്‍ ഡോളര്‍ വിപണിയിലിറക്കി.

ഡോളറിന്‍റെ മികച്ച പ്രകടനവും അമേരിക്കന്‍ ബോണ്ട് വരുമാനം ഉയര്‍ന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇസ്രയേല്‍ ഹമാസ് യുദ്ധം രൂക്ഷമാകുന്നതും രൂപയെ പ്രതികൂലമായി ബാധിച്ചു. വിദേശ നിക്ഷേപകര്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ നിക്ഷേപം വിറ്റഴിക്കുമ്പോള്‍ ഡോളറിന് ഡിമാന്‍റ് ഉയരും. ഇതാണ് രൂപയെ പ്രതികൂലമായി ബാധിക്കുന്നത്.

യുഎസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം വീണ്ടും ഒരു തവണ കൂടി പലിശ നിരക്ക് കൂട്ടാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികള്‍ക്ക് അത് തിരിച്ചടിയാണ്. യുഎസ് ബോണ്ടില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനാല്‍ വിദേശ നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ ബോണ്ടുകളിലേക്ക് മാറ്റും. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വിറ്റുമാറുന്നത് രൂപയെ വീണ്ടും ദുര്‍ബലമാക്കും. ലോകത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി പരിഗണിക്കപ്പെടുന്നവയാണ് യുഎസിലെ കടപ്പത്രങ്ങള്‍.

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്നുള്ള സൂചനകളും രൂപയ്ക്ക് തിരിച്ചടിയാണ്. കരയുദ്ധം രൂക്ഷമായാല്‍ അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഇത്തരം സാഹചര്യം ഉടലെടുത്താല്‍ ക്രൂഡ് വില അധികം വൈകാതെ ബാരലിന് 100 ഡോളര്‍ കടക്കും. അത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കൂട്ടുകയും രൂപയ്ക്ക് തിരിച്ചടിയാവുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *