നെല്ലു സംഭരിച്ചു മില്ലുകളിൽ കുത്തി സപ്ലൈകോയ്ക്ക് നൽകാൻ പദ്ധതി

സഹകരണ സംഘങ്ങൾ കർഷകരിൽ നിന്നു നെല്ലു സംഭരിച്ചു മില്ലുകളിൽ കുത്തി സപ്ലൈകോയ്ക്ക് നൽകുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. സഹകരണ സംഘങ്ങളും സപ്ലൈകോയും സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.

സംഘങ്ങൾ നെല്ലു സംഭരിക്കുന്നതോടെ വില ഉടൻ കർഷകർക്കു ലഭിക്കും. സംഘങ്ങൾ മില്ലുകൾ വാടകയ്ക്കെടുത്ത് അവിടെ നെല്ലു കുത്തി അരിയാക്കി സപ്ലൈകോയ്ക്കു നൽകും. ഇതിന്റെ വില പിന്നീട് സംഘങ്ങൾക്കു സപ്ലൈകോ നൽകും. സംസ്ഥാനത്തൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാണു തീരുമാനം.

പാലക്കാട്ട് നെല്ലു സംഭരിക്കുന്നതിനു മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടിയും എം.ബി.രാജേഷും യോഗം വിളിച്ചിരുന്നു. ഏതാനും സംഘങ്ങൾ സംഭരണത്തിനു തയാറായിട്ടുണ്ട്. മറ്റു മേഖലകളിൽ സഹകരണ സംഘങ്ങൾ നെല്ലു സംഭരിക്കാൻ തയാറാകുമോ എന്ന് ഉറപ്പില്ല. സപ്ലൈകോയ്ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനു ബാങ്കുകളുടെ കൺസോർഷ്യവുമായി ചർച്ച നടത്തുന്നതിനു ചീഫ് സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ വായ്പ നൽകാൻ ബാങ്കുകൾ തയാറായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നു പണം ലഭിക്കുന്ന മുറയ്ക്ക് സഹകരണ സംഘങ്ങളുടെ പണം കൊടുത്തു തീർക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.

നെല്ലു സംഭരണം വൈകുന്നതിൽ കർഷകരോഷം ശക്തമായ സാഹചര്യത്തിലാണു പദ്ധതിയിൽ സഹകരണ സംഘങ്ങളെ കൂടി പങ്കാളി ആക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *