നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിൽ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക രംഗങ്ങളിൽ പ്രകടമായ മാറ്റത്തിന് വഴിതെളിച്ചേക്കാവുന്ന ഒരു പ്രവണതയാണ് വിദ്യാർഥികളുടെ കൂട്ടത്തോടെയുള്ള വിദേശ കുടിയേറ്റം.
രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങളും വിദേശരാജ്യങ്ങളിലെ വീസ നിയമങ്ങൾ മാറിക്കൊണ്ടിരിക്കുന്നതും അവിടെയുണ്ടാകുന്ന വിലക്കയറ്റവും വാടക വർധനവും വിദേശ കുടിയേറ്റങ്ങൾക്ക് ഒരു വെല്ലുവിളിയാണെങ്കിലും വിദേശത്തേക്കുള്ള വിദ്യാർഥികളുടെ ഒഴുക്കിന് ഒരു കുറവുമില്ല.
മനസ്സിലാകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഉയർന്ന വേതനമുള്ള വിദേശ ജോലിയാണ് ഭൂരിപക്ഷം ആളുകളെയും വിദേശത്തേക്ക് ആകർഷിക്കുന്നത്. അത്രയും ഉയർന്ന ശമ്പളം നിലവിൽ നമ്മുടെ രാജ്യത്ത് കൊടുക്കാൻ സാധിക്കുകയില്ലെങ്കിലും ഒരു ജോലിക്കാരന് ഒന്നിൽ കൂടുതൽ വരുമാന മാർഗത്തിനുള്ള അവസരം ഒരുക്കി കൊടുക്കാവുന്നതാണ്. വിദേശത്ത് ഒരു നഴ്സിന് മൂന്നു ദിവസമാണ് റെഗുലർ ജോലിയെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ മറ്റേതു ജോലിക്കും പോകാം. നിയമപരമാണ്. ഇവിടെ ഒരാൾക്ക് സർക്കാർ ജോലി ഉണ്ടെങ്കിൽ മറ്റൊരു ജോലിക്കും സാധ്യതയില്ല. നിയമപരമല്ല. അവധി ദിവസങ്ങളിൽ മറ്റു ജോലി ചെയ്യാൻ തയ്യാറാണെങ്കിലും അനുവദനീയമല്ല. യുവതലമുറ ഉയർന്ന വേതനം തേടി വിദേശത്തേക്ക് കുടിയേറുന്ന സാഹചര്യത്തിൽ ഈ നിലപാടിന് ഒരു മാറ്റം വേണ്ടതാണ്.
പഠനത്തിനൊപ്പം ജോലി
നമ്മുടെ നാട്ടിലെ സ്കൂൾ, കോളജ് സമയക്രമവും ആളുകളുടെ മനോഭാവവും അതിനെ തടയുന്നു. പഠനത്തോടൊപ്പം വിവിധ മേഖലകളിൽ ജോലികളിൽ ഏർപ്പെടുമ്പോൾ ഹൈസ്കൂൾ തലത്തിൽ വച്ചു തന്നെ തന്റെ അഭിരുചി ഏതു മേഖലയിലാണെന്നു മനസ്സിലാക്കാനും അതു വഴി ശരിയായ കോഴ്സ് തിരഞ്ഞെടുക്കാനും സാധിക്കും. വിദേശരാജ്യങ്ങളിൽ പത്തു വയസ്സുള്ള കുട്ടികൾ മുതൽ ചെറിയ ജോലികൾ ചെയ്ത് സമ്പാദിച്ചു തുടങ്ങും 15 വയസ്സാകുമ്പോഴേക്കും അവരുടെ ബാങ്ക് അക്കൗണ്ടിൽ നല്ലൊരു തുകയുണ്ടായിരിക്കും.
ഇവിടെ ബിരുദമോ ,ബിരുദാനന്തര ബിരുദമോ കഴിഞ്ഞതിനു ശേഷമേ വിദ്യാർഥികൾ ജോലി തേടുന്നുള്ളൂ. വിദേശത്ത് പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തു വരുമാനം നേടാം എന്നത് നമ്മുടെ വിദ്യാർഥികളെ വിദേശത്തേക്ക് ആകർഷിക്കുന്നുണ്ടെന്നുള്ള കാര്യം പ്രത്യേകം ഓർക്കുക. നമ്മുടെ രാജ്യത്ത് വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ചെയ്യാനുള്ള അവസരം ഒരുക്കുന്നതിനായി സ്കൂൾ, കോളജ് സമയക്രമത്തിലും സിലബസിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ബന്ധപ്പെട്ട അധികാരികൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
വിദേശത്തേക്ക് നമ്മുടെ പണവും
വിദേശത്ത് ജോലിക്ക് ലഭിക്കുന്ന വരുമാനം അവിടുത്തെ ജീവിതച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ തുകയാണെന്ന് പറയാൻ സാധിക്കുകയില്ലെങ്കിലും ഇന്ത്യൻ രൂപയുടെ മൂല്യക്കുറവു മൂലം വിദേശ വരുമാനത്തെ ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ അത് വലിയ തുകയായി അനുഭവപ്പെടുന്നു. ഇതാണ് ആളുകളെ വിദേശത്തേക്ക് ആകർഷിക്കുന്ന ഒരു പ്രധാന വസ്തുത.
ഈ അവസ്ഥ മാറുന്നതിനുള്ള ഒരു പ്രധാന മാർഗം ഇന്ത്യൻ രൂപയുടെ മൂല്യമുയർത്താനുള്ള മാർഗങ്ങളെപ്പറ്റി ഭരണാധികാരികൾ ആലോചിക്കുക എന്നതാണ്. ഡിമാൻഡും സപ്ലൈയും ആണല്ലോ ഏതിന്റെയും വില നിർണയിക്കുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യം ഉയരണമെങ്കിൽ ഇന്ത്യയുടെ കയറ്റുമതി വർധിക്കുകയും ഇറക്കുമതി കുറയുകയും വേണം. അങ്ങനെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയരുകയും വിദേശ ജോലികളെക്കാൾ ആകർഷകമായ വരുമാനം ഇന്ത്യയിലെ ജോലിയിൽനിന്ന് ലഭിക്കുന്ന സ്ഥിതി സംജാതമാകുകയും വേണം.