ഇൻഷുറൻസ് കാഷ്‌ലെസ് ചികിത്സ ; ശ്രദ്ധിക്കണം നടപടിക്രമങ്ങൾ

രണ്ടുതരം ക്ലെയിം നടപടിക്രമങ്ങളാണ് ഇന്നുളളത്. ഒന്ന്, ആശുപത്രികളിൽ പണമടയ്ക്കാതെയുളള കാഷ്‌ലെസ് ചികിത്സ. അതല്ലെങ്കിൽ ആശുപത്രി ചെലവുകൾ പൂർണമായും നാം നൽകിയശേഷം ഇൻഷുറൻസ് കമ്പനികൾ ചെലവായ തുക തിരികെ നൽകുന്ന റീ ഇംബേഴ്സ്മെന്റ് രീതി. ഇതിൽ കാഷ്‌ലെസ് ചികിത്സ പലപ്പോഴും പോളിസിയുടമകൾക്കു വലിയ മാനസിക സമ്മർദവും കാലതാമസവും ഉണ്ടാക്കുന്നുണ്ട്.

ആശുപത്രിയിൽ ചികിത്സക്കായി വരുന്നവർ നിർബന്ധമായും തിരിച്ചറിയൽ രേഖ, ഹെൽത്ത് ഇൻഷുറൻസ് കാർഡ്, അതല്ലെങ്കിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എന്നിവ ആശുപത്രിക്കു നൽകണം. ഡോക്ടർ രോഗിയെ പരിശോധിച്ചശേഷം അസുഖം എന്താണെന്നും ചികിത്സാവിധികൾ നിശ്ചയിക്കുകയും ചെയ്യുന്നു. അതോടൊപ്പം ചികിത്സാ ചെലവിന്റെ ഒരു എസ്റ്റിമേറ്റ് തയാറാക്കുകയും വേണം. ഇക്കാര്യങ്ങൾ ഇൻഷുറൻസ് കമ്പനിയെയോ അവരുടെ ക്ലെയിം തീർപ്പാക്കുന്ന തേർഡ് പാർട്ടി അഡ്മിനിസ്ട്രേഷൻ കമ്പനിയുടെ ഓഫിസിനെയോ ഇ–മെയിൽ ആയി അറിയിക്കുകയോ ടിപിഎ സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയോ ആണു പതിവ്. രോഗിയുടെ പോളിസി പരിശോധിച്ച് ഇൻഷുർ ചെയ്ത തുക, കവർ ചെയ്യുന്ന റിസ്ക്, വ്യക്തിഗത വിവരങ്ങൾ എന്നിവ ശരിയാണെന്ന് ഉറപ്പു വരുത്തുന്നു. ആശുപത്രി നൽകിയ ചികിത്സാചെലവ് പരിശോധിച്ച് ചികിത്സാ നടപടികൾ തുടങ്ങാനുളള അനുമതി നൽകുകയും ചെയ്യുന്നു. ഏതെങ്കിലും തരത്തിലുളള രേഖകൾ/വിവരങ്ങൾ ഇല്ലെങ്കിൽ അക്കാര്യം ടിപിഎ കമ്പനികൾ ആശുപത്രികളോട് ആവശ്യപ്പെട്ട് അതു മേടിക്കുകയും ചെയ്യും. തുടർന്ന് ചികിത്സാ ചെലവിന്റെ ആദ്യ ഗഡു പാസായശേഷം ആശുപത്രി ചികിത്സ തുടങ്ങുന്നു. എന്നാൽ ചികിത്സകൾ കഴിഞ്ഞശേഷം അനുബന്ധ രേഖകൾ എല്ലാം (ഡിസ്ചാർജ് കാർഡ്, പ്രിസ്ക്രിപ്ഷൻ, മരുന്നു ബില്ലുകൾ, ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകൾ, സർജറി രേഖകൾ) ഡിസ്ചാർജ് ചെയ്യുന്ന ദിവസം ടിപിഎ കമ്പനിക്കു സ്കാൻ ചെയ്ത് അയച്ചു കൊടുക്കണം.

രാവിലെ 10 മണിക്ക് ഡിസ്ചാർജ് ആയാൽ രോഗി ഉച്ചയോടെ ആശുപത്രിവിടാമെന്ന ധാരണയിൽ കാത്തിരിപ്പ് തുടരുന്നു. ഇനിയാണ് സംഗതികൾ ആകെ മാറിമറിയുന്നത്.

ആശുപത്രികൾ എല്ലാ അനുബന്ധ രേഖകളും നൽകി അതു ബോധ്യപ്പെട്ടാലെ ടിപിഎ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനികൾ ഫൈനൽ സെറ്റിൽമെന്റ് തയാറാക്കുകയുളളൂ. മാത്രമല്ല, ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗം ഇക്കാര്യങ്ങൾ സമയബന്ധിതമായി നൽകാൻ പലപ്പോഴും ശ്രദ്ധിക്കാറുമില്ല. അഥവാ രോഗിയുടെ കൂടെയുളളവർ ഇക്കാര്യം അന്വേഷിച്ചാൽ തന്നെ പറയുക, ഞങ്ങൾ എല്ലാ രേഖകളും നൽകിക്കഴിഞ്ഞു. ഇനി ടിപിഎ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനികൾ ആണ് ക്ലെയിം തുക പാസാക്കേണ്ടത്, അതു കിട്ടുംവരെ നിങ്ങൾക്ക് ആശുപത്രിയിൽനിന്നു പോകാൻ സാധ്യമല്ല എന്നാണ്.

പലപ്പോഴും ആശുപത്രികൾ രേഖകൾ അയയ്ക്കാൻ വൈകുക പതിവാണ്. മാത്രമല്ല, വൈകി കിട്ടുന്ന ഫയലുകൾ തീർപ്പാക്കാൻ ടിപിഎ കമ്പനികളും സമയബന്ധിതമായി ജനങ്ങൾക്കു സേവനം നൽകുന്നില്ല. ഇത്തരം പരാതികൾ ധാരാളം.

ശ്രദ്ധിക്കാനുളള കാര്യങ്ങൾ വേറെയുമുണ്ട്. പോളിസിയിൽ കോ–പേയ്മെന്റ്, സബ്‌ലിമിറ്റ്, നോൺ പേയബിൾ തുടങ്ങിയ കേസുകൾ ഉണ്ടെങ്കിൽ നമുക്ക് ക്ലെയിം തുക കുറഞ്ഞുപോകാം.ചില പോളിസികളിൽ കൊടുത്തിരിക്കുന്ന മുറിവാടകയെക്കാൾ കൂടിയ തുകയ്ക്കുള്ള മുറി എടുത്താൽ നമുക്കു മൊത്തം ലഭിക്കേണ്ട ക്ലെയിം തുകയിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകാം. അതിനാൽ, ഇത്തരം കാര്യങ്ങൾ അറിഞ്ഞ‌ശേഷം മാത്രം മതി ചികിത്സ തുടങ്ങാൻ.

സമയബന്ധിതമായി കാര്യങ്ങൾ നടപ്പിലാക്കേണ്ട ഇൻഷുറൻസ് കമ്പനികൾ, ടിപിഎ കമ്പനികൾ, ആശുപത്രിയിലെ ഹെൽത്ത് ഡിപ്പാർട്‌മെന്റ് എന്നിവർ നിലവിലെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രശ്നപരിഹാര മാർഗങ്ങൾ കണ്ടെത്തണം.

Leave a Reply

Your email address will not be published. Required fields are marked *