ഇൻഷുറൻസ് പരിരക്ഷക്ക് 24 മണിക്കൂർ ആശുപത്രി വാസം വേണ്ട – ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍

ഇൻഷുറൻസ് പരിരക്ഷക്ക് 24 മണിക്കൂർ ആശുപത്രി വാസം വേണമെന്നത് ഉപഭോക്തൃ അവകാശ ലംഘനമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ആധുനിക ചികിത്സാ സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ ഇൻഷുറൻസ് പരിരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നും കമ്മിഷൻ വ്യക്തമാക്കി.

എറണാകുളം മരട് സ്വദേശി തന്റെ മാതാവിന്റെ ഇടത് കണ്ണിന്റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചെയ്തിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ഹോസ്പിറ്റലിൽ കിടക്കാതെ തന്നെ ശസ്ത്രക്രിയ നടത്തുകയും ഡിസ്ചാർജ് ആവുകയും ചെയ്തു. തുടർന്ന് ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിനു വേണ്ടി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചെങ്കിലും 24 മണിക്കൂർ ആശുപത്രിവാസം ഇല്ലാത്തതിനാൽ ഒ.പി. ചികിത്സയായി കണക്കാക്കി ഇൻഷുറൻസ് കമ്പനി ക്ലെയിം അപേക്ഷ നിരസിക്കുകയായിരുന്നു. തുടർന്നാണ് പോളിസി ഉടമ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സർജറിയും വ്യാപകമായ കാലഘട്ടത്തിൽ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതിന് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന ഇൻഷുറൻസ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി. കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിൽ ചികിത്സ അവസാനിക്കുകയും ചെയ്താൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടാകും. കൂടാതെ മയോപ്പിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷൻ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുമെന്ന ഇൻഷൂറൻസ് റെഗുലേറ്ററി അതോററി (ഐ.ആർ.ഡി.എ.ഐ.)യുടെ സർക്കുലറും കോടതി പരിഗണിച്ചു. പരാതിക്കാരന്റെ ആവശ്യം നിലനിൽക്കെ മറ്റൊരു പോളിസി ഉടമയ്ക്ക് ഇതേ ക്ലെയിം ഇൻഷുറൻസ് കമ്പനി അനുവദിച്ചതായും കോടതി കണ്ടെത്തി.

ഇൻഷുറൻസ് കമ്പനിയുടെ മേൽ നടപടികൾ പോളിസി ഉടമക്ക് നൽകേണ്ട സേവനത്തിന്റെ വീഴ്ചയാണെന്ന് ബോധ്യമായ കോടതി ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ഉത്തരവ് നൽകി

Leave a Reply

Your email address will not be published. Required fields are marked *