മാലിന്യം വലിച്ചെറിയുന്നവർക്ക് 1,000 മുതൽ 50,000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വർഷം വരെ തടവും വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസുകൾ ഇറക്കാൻ മന്ത്രിസഭാ തീരുമാനം. മാലിന്യശേഖരണത്തിനുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ 3 മാസം കഴിയുമ്പോൾ 50% ശതമാനം പിഴയോടു കൂടി ഈടാക്കാനുള്ള വ്യവസ്ഥയും കേരള മുനിസിപ്പാലിറ്റി ഭേദഗതി കരട് ഓർഡിനൻസിലും കേരള പഞ്ചായത്ത് രാജ് ഭേദഗതി കരട് ഓർഡിനൻസിലും ഉണ്ട്. ഗവർണറുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇവ നിലവിൽ വരും.
വിസർജ്യവും ചവറും ഉൾപ്പെടെയുള്ള മാലിന്യം ജലാശയത്തിൽ തള്ളുന്നവർക്കും കക്കൂസ് മാലിന്യം ഒഴുക്കുന്നവർക്കും 10,000 മുതൽ 50,000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വർഷം വരെ തടവും ലഭിക്കും. ജാമ്യം ലഭിക്കാത്ത കുറ്റമാണിത്. പൊതുസ്ഥലത്ത് മാലിന്യം കുന്നുകൂടി പരിസ്ഥിതിപ്രശ്നം ഉണ്ടായാൽ തദ്ദേശസ്ഥാപന സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ശിക്ഷാനടപടി നേരിടേണ്ടി വരും. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾക്കും സർക്കാർ പിഴ ചുമത്തും. കുറ്റകൃത്യത്തിന്റെ വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകും. വിവരം തെറ്റാണെങ്കിൽ 10,000 രൂപയാണ് പിഴ.