ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും ബാധിച്ചേക്കുമോ?

ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ഇസ്രയേല്‍ എന്നതും ആഗോള വിപണിയില്‍ ക്രൂഡ് വില ഉയര്‍ന്നേക്കുമെന്നും എന്നുള്ളതുമാണ് ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ആശങ്ക പരത്തുന്നത്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം തുടങ്ങിയതിന് ശേഷം ക്രൂഡ് വില 3-4 ശതമാനം വരെ വര്‍ധിച്ചു. അതേ സമയം ഇപ്പോഴുള്ള ക്രൂഡ് വില വര്‍ധന ഹ്രസ്വകാലത്തേക്ക് മാത്രം നിലനില്‍ക്കുന്നതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

എന്നാല്‍ തങ്ങള്‍ക്ക് ഇറാന്‍റെ പിന്തുണയുണ്ടെന്ന ഹമാസിന്‍റെ അവകാശവാദം ആഗോള സാമ്പത്തികരംഗത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രയേല്‍ ഇറാനെതിരെ രംഗത്തെത്തുകയും ഇറാന്‍ കൂടി സംഘര്‍ഷത്തിന്റെ ഭാഗമാവുകയും ചെയ്താല്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ അത് വലിയ ആഘാതം സൃഷ്ടിക്കും. ക്രൂഡ് വില ഉയരുമെന്നുള്ളതാണ് സംഘര്‍ഷം വ്യാപിക്കുന്നതിന്‍റെ പ്രത്യാഘാതം. ഉപരോധം നില നില്‍ക്കുന്നുണ്ടെങ്കില്‍ പോലും ഇറാന്‍ പ്രതിദിനം 3 ലക്ഷം ബാരലിലേറെ എണ്ണ ആഗോള വിപണിയിലേക്കെത്തിക്കുന്നുണ്ട്. ചൈന, മലേഷ്യ എന്നിവരാണ് ഇറാന്‍റെ എണ്ണ കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. ക്രൂഡ് വില വര്‍ധിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്.

ഇന്ത്യയും ഇസ്രയേലും തമ്മില്‍ വലിയ തോതിലുള്ള വ്യാപാരബന്ധമുണ്ട്. സംഘര്‍ഷം തുടരുന്നത് കയറ്റുമതി – ഇറക്കുമതി മേഖലയെ ബാധിക്കും. ഏഷ്യയില്‍ ഇന്ത്യയുമായി ഏററവുമധികം വ്യാപാരബന്ധമുള്ള മൂന്നാമത്തെ രാജ്യമാണ് ഇസ്രയേല്‍. ആഗോളതലത്തില്‍ പത്താം സ്ഥാനവും ഇസ്രയേലിനാണ്. ഇന്ത്യയില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 70,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ഇസ്രയേലിലേക്ക് കയറ്റി അയച്ചത്. ഇന്ത്യയില്‍ നിന്ന് പ്രധാനമായും ഡീസലാണ് ഇസ്രയേല്‍ ഇറക്കുമതി ചെയ്യുന്നത്. പോളീഷ് ചെയ്ത രത്നങ്ങളും ഇന്ത്യ കയറ്റി അയയ്ക്കുന്നുണ്ട്.

റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ യുദ്ധോപകരണങ്ങള്‍ കയറ്റി അയക്കുന്നതും ഇസ്രയേലാണ്.ഇതിനു പുറമേ രത്നങ്ങള്‍, വിലകൂടിയ കല്ലുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വളം, യന്ത്രങ്ങള്‍, എഞ്ചിനുകള്‍, പമ്പ് സെറ്റുകള്‍, കെമിക്കലുകള്‍ എന്നിവ ഇസ്രയേലില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്നുണ്ട്. ഏതാണ്ട് 25,000 കോടി രൂപ മൂല്യം വരുന്നതാണ് ഇവയുടെ കയറ്റുമതി.

Leave a Reply

Your email address will not be published. Required fields are marked *