റിസര്‍വ് ബാങ്ക് ഘട്ടംഘട്ടമായി 1.90 ശതമാനം നിരക്ക് ഉയര്‍ത്തിയപ്പോള്‍ ആദ്യം മടിച്ചുനിന്ന ബാങ്കുകള്‍ നിക്ഷേപ പലിശയില്‍ കാര്യമായ വര്‍ധന വരുത്തി തുടങ്ങി. വായ്പാ ആവശ്യത്തിന് ആനുപാതികമായി നിക്ഷേപ വരവുണ്ടാകാതിരുന്നതാണ് പലിശ വര്‍ധിപ്പിക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിതമാക്കിയത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.5-9ശതമാനം വരെ പലിശ ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികളില്‍നിന്ന് ലഭിക്കും. കൂടുതല്‍ പലിശ നല്‍കുന്നതില്‍ എക്കാലത്തെയും പോലെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍തന്നെയാണ് മുന്നില്‍.യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എഫ്ഡി പലിശ ഉയര്‍ത്തിയത് ഈയാഴ്ചയാണ്. മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 9ശതമാനംവരെ പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
കൂടുതല്‍ പലിശ ലഭിക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള അധിക പലിശ നേടാന്‍ സീനിയര്‍ സിറ്റിസണെക്കൂടി ഉള്‍പ്പെടുത്തി ജോയന്റ് അക്കൗണ്ട് ആരംഭിച്ചാല്‍ മതി. മുതലും പലിശയുമടക്കം അഞ്ചു ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതിനാല്‍ വ്യത്യസ്ത ബാങ്കുകളില്‍ നിശ്ചിത തുകവീതം വിഭജിച്ച് എഫ്ഡിയിടാം.