അലുമിനിയം,സ്റ്റീൽ പാത്രങ്ങൾക്കെല്ലാം ഐഎസ്ഐ ഗുണനിലവാരം നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ

അലുമിനിയം, സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങിയവ കൊണ്ടുള്ള അടുക്കള പാത്രങ്ങൾക്കെല്ലാം ഐഎസ്ഐ ഗുണനിലവാരം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ. ഫെബ്രുവരി മുതൽ ഐഎസ്ഐ മാർക്കില്ലാത്ത അലുമിനിയം, സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ, പാചകാവശ്യത്തിനുള്ള പാത്രങ്ങൾ തുടങ്ങിയവ കടകൾ, ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി വിൽക്കാനാകില്ല. പുറത്തു നിന്ന് ഇന്ത്യയിൽ കൊണ്ടുവന്നു വിൽക്കുന്ന ഉൽപന്നങ്ങൾക്കും നിയമം ബാധകമാകും.

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവുപ്രകാരം വീട്ടാവശ്യത്തിനുപയോഗിക്കുന്ന സ്റ്റെയിൻലെസ് സ്റ്റീൽ സിങ്കും ഐഎസ്ഐ സർട്ടിഫിക്കേഷൻ വേണ്ട ഉൽപന്നങ്ങളിൽ ഉൾപ്പെടും. നോൺസ്റ്റിക് പാത്രങ്ങൾക്കും നിയമം ബാധകമാണ്. നിർമാണ സ്ഥാപനങ്ങൾക്ക് ബിഐഎസ് ലൈസൻസും നിർബന്ധമാകും. നിർമാണ സ്ഥാപനങ്ങൾക്ക് ഇതിനായി മൂന്നു മുതൽ ആറു മാസം വരെ സമയം നൽകിയിട്ടുണ്ട്. മൈക്രോ സംരംഭങ്ങൾക്ക് ഐഎസ്ഐ ഗുണമേന്മയോടു കൂടിയ ഉൽപന്നങ്ങൾ നിർമിക്കാൻ ഒരു വർഷമാണ് സമയപരിധി നൽകിയിട്ടുള്ളത്.

ചെറുകിടക്കാർക്ക് 9 മാസവും ഇടത്തരം, വൻകിട സ്ഥാപനങ്ങൾക്ക് 6 മാസവുമാണ് സമയപരിധി. ഗുണമേന്മ കുറഞ്ഞ സ്റ്റീലുകളും കോപ്പറും വെള്ളക്കുപ്പികളിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അവയ്ക്കും വൈകാതെ ഐഎസ്ഐ സർട്ടിഫിക്കേഷൻ നിർബന്ധമാക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) അധികൃതർ അറിയിച്ചു. അഞ്ചു മാസത്തിനുള്ളിൽ പ്ലൈവുഡിനും സർട്ടിഫിക്കേഷൻ പ്രാബല്യത്തിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *