രാജ്യത്തെ ആദ്യ ‘ഗ്രീൻ ഹൈഡ്രജൻ ബസുകൾ’ നാളെ ഡൽഹിയിൽ ഓടിത്തുടങ്ങും. ഇന്ത്യൻ ഓയിലിന്റെ സഹകരണത്തോടെ ഡൽഹി, ഹരിയാന, യുപി എന്നിവിടങ്ങളിലാണ് 15 ബസുകൾ ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ഡൽഹിയിൽ 2 ബസുകൾ നാളെ ഓടിത്തുടങ്ങും.
ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങൾ നിലവിലുണ്ടെങ്കിലും, പരിസ്ഥിതി സൗഹൃദമായ ‘ഗ്രീൻ ഹൈഡ്രജൻ’ ഉപയോഗിച്ചുള്ള ബസ് സർവീസ് ഇതാദ്യമാണ്. ലഡാക്കിലെ ലേയിൽ കഴിഞ്ഞ മാസം നാഷനൽ തെർമൽ പവർ കോർപറേഷന്റെ (എൻടിപിസി) കീഴിൽ ഹൈഡ്രജൻ ബസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു.
ഭാവിയുടെ ഇന്ധനം എന്നാണ് ഗ്രീൻ ഹൈഡ്രജനെ വിശേഷിപ്പിക്കുന്നത്. ബസിലുള്ള സിലിണ്ടറുകളിൽ ഹൈഡ്രജൻ കംപ്രസ് ചെയ്താണ് സൂക്ഷിക്കുന്നത്. ഫരീദാബാദിലുള്ള ഇന്ത്യൻ ഓയിൽ ക്യാംപസിൽ ഇന്ധനം നിറയ്ക്കാൻ സൗകര്യമുണ്ട്. 19,744 കോടി രൂപയാണ് കേന്ദ്രം ഹരിത ഹൈഡ്രജൻ യജ്ഞത്തിനായി നീക്കിവച്ചിരിക്കുന്നത്.