നിർദിഷ്ട ഷൊർണൂർ–എറണാകുളം മൂന്നും നാലും പാതയുടെ ലൊക്കേഷൻ സർവേ പൂർത്തിയായി. വിശദമായ പഠന റിപ്പോർട്ട് (ഡിപിആർ) ഡിസംബറിൽ ലഭിക്കുന്നതോടെ സർവേ റിപ്പോർട്ടും ഡിപിആറും ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിനു കൈമാറും. 160 കിലോമീറ്റർ വേഗത്തിൽ ഓടിക്കാവുന്ന പുതിയ ഇരട്ടപ്പാത നിലവിലുള്ള പാതയ്ക്ക് സമാന്തരമായിട്ടാണ്. വളവുകൾ കുറയ്ക്കാനായി ചില സ്ഥലങ്ങളിൽ 300– 600 മീറ്റർ മാറ്റമുണ്ടാകും. ഇതിനായി എത്ര ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നു ഡിപിആർ തയാറാകുന്നതോടെ വ്യക്തമാകും.
എറണാകുളം ടൗൺ, തൃശൂർ, ആലുവ റെയിൽവേ സ്റ്റേഷനുകളിലൂടെ പുതിയ പാത കടന്നു പോകും. മറ്റു സ്റ്റേഷനുകളുടെ പുറത്തു കൂടിയാകും പുതിയ ഇരട്ടപ്പാത. നിലവിലെ പാതയെക്കാൾ 2 കി.മീ. കുറവാണ് പുതിയ ദൂരം (104 കി.മീ). 15,000 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. അംഗീകാരം ലഭിക്കാൻ ഒരു വർഷം, ഭൂമിയേറ്റെടുക്കാൻ 2 വർഷം, നിർമാണ കാലയളവ് 2 വർഷം എന്നിങ്ങനെ 5 വർഷമാണു പൂർത്തിയാക്കാൻ വേണ്ടി വരിക
എറണാകുളം ജംക്‌ഷൻ മുതൽ ഇടപ്പള്ളി വരെ ഇപ്പോഴുള്ള പാതയുടെ ഇരുവശത്തുനിന്നും ഭൂമിയേറ്റെടുത്താകും പുതിയ പാത നിർമിക്കുക. മൂന്നും നാലും പാത വരുമ്പോൾ എറണാകുളം ജംക്‌ഷനിലെ 6 പ്ലാറ്റ്ഫോമുകളിലും 24 കോച്ചുകളുള്ള ട്രെയിനുകൾ നിർത്താനാവശ്യമായ നീളം ലഭിക്കും. ഷൊർണൂരിനും–വള്ളത്തോൾ നഗറിനുമിടയിൽ ഭാരതപ്പുഴയിൽ പുതിയ പാലം നിർമിക്കും.