ഭൂപതിവ് നിയമ ഭേദഗതി:നിർമാണം നിയമവിധേയമാക്കാൻ വഴിതുറക്കും.

ഭൂപതിവ് നിയമഭേദഗതി നൂറുകണക്കിനു കെട്ടിടങ്ങളുടെ നിർമാണം നിയമവിധേയമാക്കാൻ വഴിതുറക്കും. 1960 ലെ ഭൂപതിവ് നിയമത്തിലെ മൂന്നാം വകുപ്പിൽ ഏതൊക്കെ ആവശ്യത്തിനു ഭൂമി പതിച്ചു കൊടുക്കാമെന്നതു ചട്ടപ്രകാരം തീരുമാനിക്കാൻ സർക്കാരിന് അധികാരം നൽകിയിട്ടുണ്ട്. ഭൂമിപതിവു നിയമപ്രകാരം ഇരുപതോളം ചട്ടങ്ങൾ നിലവിലുണ്ട്. 1964 ലെ ചട്ടമാണ് ഇതിൽ ഏറ്റവും പ്രാധാന്യമുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂമി പതിച്ചു നൽകിയിട്ടുള്ളതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ഈ ചട്ടപ്രകാരം കൃഷിക്കായി 4 ഏക്കർ വരെ പതിച്ചു നൽകാം. ഇത്തരത്തിൽ പട്ടയം ലഭിച്ച ഭൂമിയിൽ ആദ്യകാലത്ത് കൃഷി നടന്നുവെങ്കിലും കാലക്രമേണ ഉപയോഗത്തിൽ മാറ്റം വന്നു. ഭാഗം ചെയ്തു കൂടുതൽ വീടുകൾ നിർമിച്ചു. കൂടുതൽ പേർ താമസക്കാരായി. ഇതിന്റെ ഭാഗമായി ആരോഗ്യ, വിദ്യാഭ്യാസ, വാണിജ്യ ആവശ്യങ്ങൾക്കു കൂടി ഭൂമി ഉപയോഗിച്ചു. ഇടുക്കി ജില്ലയിലെ പ്രധാന പട്ടണങ്ങൾ പോലും പതിച്ചു കൊടുത്ത ഭൂമിയിലാണ്.
ഇടുക്കിയിലെ മൂന്നാർ മേഖലയിലും മറ്റുമുള്ള ഭൂമി വാണിജ്യ, വിനോദസഞ്ചാര ആവശ്യങ്ങൾക്കായി വിനിയോഗിച്ചതോടെ പ്രശ്നങ്ങളും ചർച്ചകളും പ്രക്ഷോഭങ്ങളും ഉടലെടുത്തു. പതിച്ചു കൊടുത്ത ഭൂമി ദുർവിനിയോഗം ചെയ്തു എന്ന പരാതിയുമായി പരിസ്ഥിതി സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു.

മൂന്നാർ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യു വകുപ്പിന്റെ അനുമതി രേഖ (എൻഒസി) നിർബന്ധമാക്കി 2010 ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ സർക്കാർ സുപ്രീം കോടതി സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവച്ചു. പിന്നീട് മറ്റൊരു കോടതി വിധിയിലൂടെ ആദ്യ വിധിയിലെ വ്യവസ്ഥകൾ സംസ്ഥാനത്തിനാകെ ബാധകമാക്കി. പട്ടയ ഭൂമിയിൽ നിർമിച്ച ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ നിയമവിരുദ്ധ നിർമിതികളാണെന്ന പ്രശ്നം കോടതിയിലും ഉന്നയിക്കപ്പെട്ടു.

ഭൂപതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം നിയമവിരുദ്ധ നിർമിതി കണ്ടാൽ പട്ടയം റദ്ദാക്കാം. അതിനാൽ പട്ടയഭൂമിയിൽ നിർമിക്കപ്പെട്ട സ്ഥാപനങ്ങൾക്കു ലൈസൻസ് ലഭിക്കാൻ തടസ്സം നേരിട്ടു. നിർമിക്കപ്പെട്ട കെട്ടിടങ്ങൾ ഉപയോഗശൂന്യവുമായി. ഇതിന്റെ അടിസ്ഥാനത്തിലാണു നിയമനിർമാണമെന്ന ആശയത്തിലേക്കു നീങ്ങിയതെന്നാണു സർക്കാർ വാദം. ഒരു കാലത്ത് ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിക്ക് എക്കാലത്തും കർശന വ്യവസ്ഥകൾ തുടരുന്നത് ആശാസ്യമല്ലെന്നും എന്നാൽ ചില നിയന്ത്രണങ്ങൾ ആവശ്യമാണെന്നുമുള്ള നിഗമനത്തിലാണ് നിയമഭേദഗതി. ചട്ടലംഘനങ്ങൾ ക്രമീകരിച്ചു നൽകണമെങ്കിൽ അതിനുള്ള വ്യവസ്ഥകൾ ചട്ടത്തിൽ കൊണ്ടുവരണം. ചട്ടം ഉണ്ടാക്കാനുള്ള അധികാരം സർക്കാരിനാണ്. എന്നാൽ, ചട്ടമുണ്ടാക്കാൻ സർക്കാരിനെ അധികാരപ്പെടുത്തണം. ഇതിനായാണു നിയമഭേദഗതി

Leave a Reply

Your email address will not be published. Required fields are marked *