ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ആഡംബര ഹോട്ടലായ ഒബ്‌റോയ് അമർവിലാസ്. ലണ്ടനിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടിക പ്രഖ്യാപിച്ചത്. ലോകത്തെ ആറ് ഭൂഖണ്ഡങ്ങളിലായി 35 വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ആഡംബര ഹോട്ടലുകളില്‍ നിന്നാണ് പട്ടിക തയ്യാറാക്കിയത്.
45-ാം സ്ഥാനത്തെത്തിയ ആഗ്രയിലെ ഒബ്‌റോയ് അമർവിലാസ് മാത്രമാണ് ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യൻ ഹോട്ടൽ. താജ്മഹലിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ അകലെയുള്ള ഈ ഹോട്ടൽ വിശാലമായ പൂന്തോട്ടങ്ങൾക്ക് നടുവിലാണ് സ്ഥിതി ചെയ്യുന്നത്.
ലോകത്തിലെ 50 മികച്ച ഹോട്ടലുകളുടെ 2023 പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ഹോട്ടലായതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്ന് ഒബ്‌റോയ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ അർജുൻ ഒബ്‌റോയ് പറഞ്ഞു. ഈ അംഗീകാരം, ടീമിന്റെ അർപ്പണബോധവും അശ്രാന്ത പരിശ്രമവുംകൊണ്ട് ലഭിച്ചതാണെന്ന് അർജുൻ ഒബ്‌റോയ് പറഞ്ഞു.
ലേക് കോമോയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ആഡംബര ബോട്ടിക് ഹോട്ടലായ പാസലാക്വയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.പതിനെട്ടാം നൂറ്റാണ്ടിലെ ഒരു വില്ലയാണ് ഇത്. മനോഹരമായ പൂന്തോട്ടങ്ങൾ ഇതിന്റെ ഭംഗി വർദ്ധിപ്പിക്കുന്നുണ്ട്. 24 മുറികളാണ് ഇവിടെയുള്ളത്.