നികുതി ബാധ്യതയുള്ള പോളിസിയിൽ നിന്നു ലഭിക്കുന്ന ബോണസ് ഉൾപ്പെടെയുള്ള തുക ഒരു ലക്ഷം രൂപയിൽ കൂടിയാൽ ഇൻഷുറൻസ് കമ്പനി 5% സ്രോതസ്സിൽ നികുതി കിഴിവ് (ടിഡിഎസ്) ചെയ്തതിനു ശേഷമുള്ള തുകയാണ് ലഭിക്കുക. എന്നാൽ, മുൻ സാമ്പത്തിക വർഷം അനുവദനീയമായ സമയത്തിനുള്ളിൽ ആദായ നികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെങ്കിൽ ടിഡിഎസ് നിരക്ക് 10% ആകും. ഇന്ത്യയിൽ കച്ചവട സ്ഥാപനമോ തോട്ടമൊ (ഫാം/ പ്ലാന്റേഷൻ) ഇല്ലാത്ത വിദേശ ഇന്ത്യക്കാർക്കു റിട്ടേൺ സമർപ്പിക്കാത്തതുകൊണ്ടുള്ള അധിക നിരക്ക് ബാധകമല്ല.
പോളിസി തുകയിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ വായ്പ എടുക്കുമ്പോൾ ടിഡിഎസ് ബാധകമാണ്. നികുതി ബാധ്യത ഇല്ലാത്തവരെ സംബന്ധിച്ച് കീമാൻ ഇൻഷുറൻസ് ഒഴികെ മറ്റു ഇൻഷുറൻസ് തുക ലഭിക്കുമ്പോൾ ടിഡിഎസ് ഒഴിവാക്കാൻ ഫോം 15ജി അഥവാ 15എച്ച്എൽ (60 വയസ്സു തികഞ്ഞവർ) സ്വയം പ്രഖ്യാപനം നൽകിയാൽ മതി. ടിഡിഎസ്, ആദായ നികുതി റിട്ടേൺ സമർപ്പിച്ച് നികുതി ബാധ്യതയിൽ നിന്നു തട്ടിക്കിഴികുകയോ റീഫണ്ട് നേടുകയോ ചെയ്യാം.