തുടർച്ചയായ മുംബൈ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സിൽ കുതിപ്പ്. ചില്ലറ വില സൂചിക കുറഞ്ഞതും വ്യാവസായികോൽപാദനം ഉയർന്നതുമാണ് ഇന്ത്യൻ വിപണിയിലേക്ക് നിക്ഷേപകരെ ആകർഷിച്ചത്.
ഇന്നലെ 246 പോയിന്റ് ഉയർന്ന് 67,466 പോയിന്റിലെത്തി. റെക്കോർഡ് നിലവാരത്തിനു തൊട്ടടുത്താണിത്. നിഫ്റ്റി ചരിത്രത്തിലാദ്യമായി 20,000 പോയിന്റിനു മുകളിൽ ക്ലോസ് ചെയ്തു. 20,070 പോയിന്റിലാണ് ക്ലോസിങ്. ആഗോള ഓഹരി സൂചികകളെല്ലാം പ്രതിസന്ധിയിലായപ്പോഴാണ് ഇന്ത്യൻ വിപണികളുടെ നേട്ടമെന്നത് ശ്രദ്ധേയം. യുകെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുന്നതും അസംസ്കൃത എണ്ണവിലയിലെ ഉയർച്ചയും അമേരിക്കയുടെ വരാൻ പോകുന്ന പണപ്പെരുപ്പക്കണക്കുകളും വീണ്ടും പലിശവർധനയെന്ന ആശങ്കയുമെല്ലാം ആഗോള വിപണികളെ നഷ്ടത്തിലാക്കി.