ഡീസൽ വാഹനങ്ങളുടെ വിൽപ്പനയിൽ പത്ത് ശതമാനം അധിക ജിഎസ്ടി ചുമത്താൻ ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വായുമലിനീകരണം തടയുന്നതിന്റെ ഭാഗമായി പൊല്യുഷൻ ടാക്സ് എന്ന പേരിൽ ഡീസൽ എൻജിൻ വാഹനങ്ങൾക്ക് അധിക ജിഎസ്ടി കൂടി ചുമത്താനുള്ള നിർദേശം ചൂണ്ടിക്കാട്ടി ധനമന്ത്രാലയത്തിന് കത്ത് സമർപ്പിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന 63-ാമത് വാർഷിക സിയാം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർദ്ധിച്ചുവരുന്ന വായു മലിനീകരണം പൊതുജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ഡീസൽ കാറുകളോട് ഗുഡ്ബൈ പറയാൻ കഴിയണം, വാഹനനിർമ്മാതാക്കൾ ഡീസൽ കാറുകളുടെ നിർമ്മാണം നിർത്തണമെന്നും, അല്ലാത്തപക്ഷം ഡീസൽ കാറുകളുടെ വിൽപ്പനയ്ക്ക് ബുദ്ധിമുട്ടുണ്ടാകും വരെ സർക്കാർ നികുതി വർദ്ധിപ്പിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ഡീസലിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകൾക്കും അധിക ജിഎസ്ടി നിർദേശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2014 സാമ്പത്തികവർഷത്തിൽ രാജ്യത്ത് ഡീസൽ വാഹന വിൽപ്പന 52 ശതമാനമായിരുന്നെങ്കിൽ നിലവിൽ 18 ശതമാനത്തിലേക്ക് താഴ്നനതായും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി മലിനീകരണം കുറഞ്ഞ ഇന്ധനങ്ങളിലേക്ക് മാറുന്നതിനായി നികുതി വർധിപ്പിക്കുകയാണ് ഏക മാർഗം. അല്ലെങ്കിൽ ഇതൊന്നും ഗൗരവത്തോടെ കാണാൻ ആരും തയ്യാറാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡീസൽ വാഹനങ്ങൾക്ക് പത്ത് ശതമാനം അധിക ജീഎസ്ടി ഏർപ്പെടുത്താനാണ് നീക്കം.നിലവിൽ, വാഹനങ്ങൾക്ക് 28 ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്, കൂടാതെ വാഹനത്തിന്റെ വ്യത്യസ്തത അനുസരിച്ച് 1 ശതമാനം മുതൽ 22 ശതമാനം വരെ അധിക സെസും ഈടാക്കുന്നുണ്ട്