സംസ്ഥാന ഭവനനിർമാണ ബോർഡിന് 3650 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്ന കൊച്ചി മറൈൻ ഡ്രൈവ് പദ്ധതിയുടെ നിർമാണം ഡിസംബറിൽ തുടങ്ങും. 20 മാസത്തിനകം ആദ്യഘട്ടം പൂർത്തിയാകും. 10 ദിവസത്തിനകം വിശദമായ പദ്ധതിരേഖ (ഡിപിആർ) ലഭ്യമാക്കാമെന്നു പ്രോജക്ട് മാനേജ്മെന്റ് കൺസൽട്ടൻസിയായി തിരഞ്ഞെടുക്കപ്പട്ട നാഷനൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷൻ അറിയിച്ചു.
പദ്ധതി നിരീക്ഷണത്തിനു സർക്കാർ പ്രതിനിധികൾ ഉൾപ്പെടുന്ന ഉന്നതാധികാര സമിതിയുണ്ടാകും. 4 വർഷത്തിനകം പദ്ധതി പൂർത്തിയാക്കാൻ എൻബിസിസിയുമായി ഹൗസിങ് ബോർഡ് ധാരണാപത്രം ഒപ്പിട്ടിരുന്നു. കേന്ദ്രസർക്കാരിനു കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമാണ് എൻബിസിസി.
ഹൗസിങ് ബോർഡിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ലാഭമുണ്ടാക്കുന്ന പദ്ധതിയാണു മറൈൻ ഡ്രൈവിലെ 17.9 ഏക്കർ സ്ഥലത്തു വിഭാവനം ചെയ്യുന്നത്. വാണിജ്യ, പാർപ്പിട സമുച്ചയമെന്ന നിലയ്ക്കാകും പുതിയ പദ്ധതി വരിക. മംഗളവനം പക്ഷിസങ്കേതത്തിന്റെ സാന്നിധ്യം കണക്കിലെടുത്ത് മുളങ്കാടുകൾ വച്ചുപിടിപ്പിച്ച്, പ്രകൃതിസംരക്ഷണവുമൊരുക്കും. ആകെ ഭൂമിയുടെ പകുതി സ്ഥലത്തു മാത്രമേ കെട്ടിടനിർമാണമുണ്ടാകൂ.
36 ലക്ഷം ചതുരശ്രയടി പാർപ്പിട സമുച്ചയവും 3.6 ലക്ഷം ചതുരശ്രയടി വാണിജ്യസമുച്ചയവുമാണു വരിക. കൺവൻഷൻ സെന്ററുമുണ്ടാകും. വാണിജ്യ സമുച്ചയം നിർമിക്കുന്നത് ബാങ്ക് വായ്പ സംഘടിപ്പിച്ചാണ്. ഈ സമുച്ചയം പൂർണമായും ബോർഡിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും ഇതുവഴിയുള്ള വരുമാനം പൂർണമായി ബോർഡിനാണു ലഭിക്കുകയെന്നും ചീഫ് എൻജിനീയർ പറഞ്ഞു.