എയർ ഇന്ത്യയ്ക്കു സംസ്ഥാന സർക്കാർ കൈമാറിയ സ്ഥലങ്ങൾ തിരികെ വാങ്ങാൻ നടപടി ആരംഭിച്ചു

തിരുവനന്തപുരം ∙ എയർ ഇന്ത്യയ്ക്കു സംസ്ഥാന സർക്കാർ തിരുവനന്തപുരം വെള്ളയമ്പലത്തും കൊച്ചി നഗരത്തിലും വർഷങ്ങൾക്കു മുൻപു കൈമാറിയ സ്ഥലങ്ങൾ 18.11 കോടി രൂപ നൽകി തിരികെ വാങ്ങാൻ നടപടി ആരംഭിച്ചു. വെള്ളയമ്പലത്ത് കെൽട്രോണിന് എതിർവശം ഉള്ള 86.27 സെന്റ് ഭൂമിയും കെട്ടിടവും 11.24 കോടി രൂപ നൽകിയാണു വാങ്ങുക. കൊച്ചിയിലെ 27.22 സെന്റ് ഭൂമിയും കെട്ടിടവും വാങ്ങാൻ 6.87 കോടി രൂപയും ചെലവിടും. കമ്പോളവില നോക്കാതെ ന്യായവില മാത്രം അടിസ്ഥാനമാക്കിയാണു ഭൂമിവില നിശ്ചയിച്ചതെന്ന് അധികൃതർ പറഞ്ഞു.

എയർ ഇന്ത്യ അസറ്റ് ഹോൾഡിങ് ലിമിറ്റഡ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണു തുക സർക്കാർ കൈമാറുക. എയർ ഇന്ത്യയ്ക്ക് 1978ൽ പതിച്ചു നൽകിയതാണു വെള്ളയമ്പലത്തെ സ്ഥലം; കൊച്ചിയിലേത് 1967ൽ സർക്കാർ ഏറ്റെടുത്തു കൈമാറിയതും. രാജ്യത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനി ആയിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയതിനു പിന്നാലെയാണ് ഭൂമി തിരിച്ചെടുക്കുന്നത്. തിരുവനന്തപുരത്തു മൂന്നിടത്തു പാട്ടത്തിനു കൈമാറിയ സ്ഥലങ്ങൾ തിരിച്ചെടുക്കുന്ന നടപടി പുരോഗതിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *