കേരളം ആദ്യം നടപ്പാക്കിയ പദ്ധതി ഏറ്റെടുത്ത് അതേ മാതൃകയിൽ മറ്റൊരു പദ്ധതിയുമായി കേന്ദ്ര സർക്കാറും. ജിഎസ്ടി വെട്ടിപ്പ് തടയാൻ കേരള സർക്കാർ നടപ്പാക്കിയ ലക്കി ബിൽ മാതൃകയിൽ ‘മേരാ ബിൽ മേരാ അധികാർ’ എന്ന ആപ്പാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയത്.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാനും കേന്ദ്രം നിർദേശിച്ചു. നികുതി ചോരുന്നത് തടയാനാണ് പദ്ധതി. ഉപഭോക്താക്കൾ വാങ്ങുന്ന സേവനങ്ങൾക്കും സാധനങ്ങൾക്കും ബില്ലുകൾ ചോദിച്ച് വാങ്ങുന്ന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ‘മേരാ ബിൽ, മേരാ അധികാർ’ നടപ്പാക്കിയത്കേരളത്തിലും സമാനമായാണ് പദ്ധതി നടപ്പാക്കിയത്.
കേരളത്തിൽ ഉപഭോക്താവ് ജിഎസ്ടി ബിൽ ലക്കി ബിൽ ആപ്പിലേക്ക് അപ്ലോഡ് ചെയ്യുകയും ഇവരിൽ നിന്ന് നറുക്കെടുപ്പിലൂടെ സമ്മാനം നൽകുകയും ചെയ്യുന്നതാണ് കേരളത്തിന്റെ ലക്കി ബിൽ പദ്ധതി. ഒന്നാം സമ്മാനം 10 ലക്ഷവും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രണ്ട് പേർക്കും ഒരു ലക്ഷം വീതം അഞ്ച് പേർക്കുമാണ് സമ്മാനം. ഉപഭോക്താക്കൾ ആപ് വഴി അപ് ലോഡ് ചെയ്യുന്ന ബില്ലുകൾ പരിശോധിച്ച് നികുതിദായകർ നികുതി അടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഹരിയാനയിൽ കഴിഞ്ഞ ദിവസം പദ്ധതി ആരംഭിച്ചു. ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല ‘മേരാ ബിൽ മേരാ അധികാര്’ പദ്ധതി ഉദ്ഘാടനം ചെയ്തു.ഹരിയാനക്ക് പുറമെ അസം, ഗുജറാത്ത് എന്നിവിടങ്ങളിലും പുതുച്ചേരി, ദാദ്ര, നഗർ ഹവേലി, ദാമൻ ദിയു എന്നീ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും രാജ്യത്തുടനീളം ക്രമേണ വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്കായി ഒരു കോടി രൂപ വീതം മൂല്യമുള്ള രണ്ട് സമ്മാനങ്ങൾ ഉണ്ടാകും. ഒരു വർഷം ഒരു കോടി രൂപയുടെ എട്ട് സമ്മാനങ്ങൾ പ്രഖ്യാപിക്കും. വിജയികൾക്ക് തുക നറുക്കെടുപ്പിലൂടെ നൽകും. എല്ലാ മാസവും ഒരു ലക്ഷം രൂപ വീതമുള്ള 10 സമ്മാനങ്ങളും 10,000 രൂപ വീതമുള്ള 80 സമ്മാനങ്ങളും നൽകും.