ഭൂമി ഇടപാടുകൾക്കും കൈമാറ്റങ്ങൾക്കും തൊട്ടുപിന്നാലെ രേഖകളിലും സ്കെച്ചുകളിലും ഓൺലൈനായി മാറ്റം വരുത്തി സുതാര്യത ഉറപ്പാക്കാൻ കേരള ലാൻഡ് അതോറിറ്റി രൂപീകരിക്കുന്നു. കേന്ദ്ര കംപ്യൂട്ടർവൽക്കരണ പദ്ധതിയുടെ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ കരട് തയാറായി.
പുതിയ ഭൂവുടമ റവന്യു വകുപ്പിന് അപേക്ഷ നൽകി ഭൂമി സ്വന്തം പേരിലേക്കു പോക്കുവരവ് ചെയ്യുന്നതോടൊപ്പം സർവേ സ്കെച്ചുകളിലും ജിഐഎസ് സാങ്കേതികവിദ്യപ്രകാരം മാറ്റങ്ങൾ വരുത്തും. പോക്കുവരവിനു പ്രത്യേക അപേക്ഷ വേണ്ടിവരില്ല. തർക്കങ്ങളോ വ്യവഹാരങ്ങളോ ഇല്ലാതെ ഭൂമി സംബന്ധിച്ച ആധികാരിക രേഖ സർക്കാർ തന്നെ ഉടമസ്ഥർക്കു നൽകും.
ഭൂമി സംബന്ധിച്ച എല്ലാ രേഖകളുടെയും കംപ്യൂട്ടർവൽക്കരണം, മാപ്പ് ഡിജിറ്റൈസേഷൻ, സർവേ സെറ്റിൽമെന്റ് രേഖകളുടെ കാലാനുസൃത പരിഷ്കരണം, റജിസ്ട്രേഷൻ വകുപ്പിന്റെ കംപ്യൂട്ടൽവൽക്കരണം, നിയമപരിഷ്കരണം, റവന്യു, റജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ ഓൺലൈൻ ഏകോപനം തുടങ്ങിയവയുള്ള ഭരണനിർവഹണച്ചുമതല അതോറിറ്റിക്കായിരിക്കും. പദ്ധതിയുടെ കരടിൽ ചില മാറ്റങ്ങൾ കൂടി നിർദേശിച്ചിട്ടുണ്ട്. റവന്യു, റജിസ്ട്രേഷൻ, സർവേ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കു കൂടി പങ്കാളിത്തമുള്ള സ്വതന്ത്ര സംവിധാനമായിരിക്കും അതോറിറ്റി. ഭരണപരമായ വിശദാംശങ്ങൾ പിന്നീടു തയാറാക്കും
കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ കേരളത്തിൽ 1998 ൽ ആരംഭിച്ച ഭൂരേഖ കംപ്യൂട്ടർവൽക്കരണം ഇപ്പോഴും പൂർത്തിയായിട്ടില്ല. റവന്യു, റജിസ്ട്രേഷൻ, സർവേ വകുപ്പുകൾക്കു പ്രത്യേക പദ്ധതികളായിരുന്നു തുടക്കത്തിൽ. പിന്നീടും പല പദ്ധതികൾ വന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരള ലാൻഡ് റിക്കോർഡ്സ് മോഡണൈസേഷൻ മിഷൻ ആരംഭിച്ചെങ്കിലും ഈ സർക്കാർ വന്നതോടെ ഇതു വേണ്ടെന്നുവച്ചു.