കേന്ദ്രസർക്കാരിന്റെ വിവിധ ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ വ്യാജ ഗുണഭോക്താക്കളുടെ പേരിൽ നടന്ന കോടികളുടെ തട്ടിപ്പ് അന്വേഷിക്കാൻ സിബിഐ കേസ് റജിസ്റ്റർ ചെയ്തു.
കേരളത്തിൽ ഉൾപ്പെടെ തട്ടിപ്പു നടന്നതായാണു ന്യൂനപക്ഷ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സ്കോളർഷിപ്പുകൾ നേടിയെടുത്ത 830 സ്ഥാപനങ്ങൾ വ്യാജമോ പ്രവർത്തനരഹിതമോ ആണെന്നു ന്യൂനപക്ഷ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. ഇതുവഴി 144.33 കോടി രൂപയുടെ നഷ്ടമാണു സർക്കാരിനുണ്ടായതെന്നു സിബിഐക്കു നൽകിയ പരാതിയിൽ മന്ത്രാലയം വ്യക്തമാക്കുന്നു. സ്കോളർഷിപ് വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത 2017–18നു ശേഷമുള്ള കണക്ക് മാത്രമാണിത്. ഇതിനു മുൻപും തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണു മന്ത്രാലയത്തിന്റെ വാദം.
ഇല്ലാത്ത വിദ്യാർഥികളുടെ പേരിൽ വ്യാജമായി സ്കോളർഷിപ്പുകൾ കൈപ്പറ്റിയെന്നതാണു തട്ടിപ്പ് . മലപ്പുറത്ത് ഒരു ബാങ്ക് ശാഖ വിതരണം ചെയ്തത് 66,000 സ്കോളർഷിപ്പുകളാണ്. എന്നാൽ അർഹരായ വിദ്യാർഥികളുടെ എണ്ണം ഇതിലും താഴെയായിരുന്നുവെന്ന് മന്ത്രാലയത്തിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. ജമ്മു കശ്മീരിൽ ഒരു കോളജിൽ 5,000 റജിസ്റ്റേഡ് വിദ്യാർഥികളുടേതായി വന്ന ക്ലെയിം 7,000 സ്കോളർഷിപ്പുകൾക്കാണ്.