കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി നീട്ടണമെന്നു കേന്ദ്രസർക്കാരിനോട് കേരളം ആവശ്യപ്പെട്ടെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. സമയം അവസാനിച്ചപ്പോൾ 30–40% പേർക്കു മാത്രമാണു പദ്ധതിയിൽ ചേരാൻ കഴിഞ്ഞതെന്നാണു വിവരം. തീയതി നീട്ടുന്ന കാര്യത്തിൽ അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രത്യാശയിലാണു സംസ്ഥാന കൃഷിവകുപ്പ്.
ഭൂരിഭാഗം കർഷകർക്കും പദ്ധതിയിൽ ചേരാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയതു സംസ്ഥാന സർക്കാരാണെന്ന അഭിപ്രായമാണു കേന്ദ്രത്തിന്. കേന്ദ്രസർക്കാർ ആഴ്ചകൾക്കു മുൻപേ പദ്ധതി പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന കൃഷിവകുപ്പ് പദ്ധതിക്കായി യഥാസമയം വിജ്ഞാപനം പുറപ്പെടുവിച്ചില്ല. ഇൻഷുറൻസ് കമ്പനിയെ ടെൻഡർ നടപടിയിലൂടെ തിരഞ്ഞെടുക്കുന്നതിലും പോർട്ടൽ സജ്ജമാക്കുന്നതിലും ഗുരുതര വീഴ്ച വരുത്തി. ഓഗസ്റ്റ് 26നു രാത്രിയോടെയാണ് ഇൻഷുറൻസിനായി അപേക്ഷിക്കേണ്ട പോർട്ടൽ തുറന്നത്. തുടർന്നുള്ള ദിവസങ്ങൾ അവധിയായിരുന്നു
നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഗ്രാമ്പൂ, തെങ്ങ്, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, തേയില, റബർ, എള്ള്, മരച്ചീനി, പച്ചക്കറികൾ എന്നിവയ്ക്കു വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കാറ്റ് എന്നിവകൊണ്ടുണ്ടാകുന്ന വിളനാശത്തിനു നഷ്ടപരിഹാരം നൽകുന്നതാണു പദ്ധതി.