ഉൽപാദനച്ചെലവ് വൻതോതിൽ വർധിച്ചതും നെല്ലുസംഭരണത്തിലെ പോരായ്മകളും കാരണം കേരളത്തിൽ നെൽവയലുകൾ അപ്രത്യക്ഷമാകുന്നു. 2 ദശാബ്ദത്തിനിടെ സംസ്ഥാനത്ത് നെൽക്കൃഷി വിസ്തൃതിയും അരി ഉൽപാദനവും കുത്തനെ കുറഞ്ഞു. കേരളത്തിലെ കാർഷിക മേഖലയെക്കുറിച്ചു സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വിവര ഡയറക്ടറേറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരം.
രണ്ടു ദശാബ്ദത്തിനിടെ 1,26,634 ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി ഇല്ലാതായെന്നും അരി ഉൽപാദനം 1,41,407 ടണ്ണായി താഴ്ന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. 2001–02, 2021–22 വർഷത്തിനിടെ കേരളത്തിൽ നെൽക്കൃഷി വിസ്തൃതിയിൽ 39 ശതമാനവും അരി ഉൽപാദനത്തിൽ 20 ശതമാനവും കുറവ് രേഖപ്പെടുത്തി. 2001–02 ൽ 3,22,368 ഹെക്ടർ സ്ഥലത്ത് നെൽവയലുകൾ ഉണ്ടായിരുന്നു. 2021–22 ൽ ഇത് 1,95,734 ഹെക്ടർ ആയി ചുരുങ്ങി. 2001–02ൽ അരി ഉൽപാദനം 7,03,504 ടൺ ആയിരുന്നു. 2021–22ൽ 5,62,097 ടൺ ആയി താഴ്ന്നു.
നെൽക്കൃഷിയിൽ മുന്നിലുള്ള പാലക്കാട്, ആലപ്പുഴ, തൃശൂർ ജില്ലകളിലും വിസ്തൃതി കുറഞ്ഞു. 2020–21ൽ കേരളത്തിൽ 2.05 ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി ഉണ്ടായിരുന്നു. 21– 22 ൽ 9306.31 ഹെക്ടർ സ്ഥലത്തെ നെൽക്കൃഷി ഇല്ലാതായി. 1955–56 കാലയളവിൽ 7.60 ലക്ഷം ഹെക്ടർ നെൽപാടങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു. 75–76ൽ ഇത് 8.76 ലക്ഷം ഹെക്ടറായി വർധിച്ചെങ്കിലും പിന്നീട് താഴേക്കായി. 2000–ൽ 2.5 ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി ചെയ്തെങ്കിലും 2016ൽ ഇത് 1.92 ലക്ഷം ഹെക്ടറിലേക്കു താഴ്ന്നു.