ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈൻ കടന്ന് പോകുന്ന സ്ഥലങ്ങളിലെ തണ്ടപ്പേര് രജിസ്റ്ററിലും കൈവശാവകാശ സര്‍ട്ടിഫിക്കറ്റിലും അടിയന്തര പരിഷ്കാരം വരുത്താൻ ലാന്റ് റവന്യു കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം. ഗെയിൽ അധികൃതരുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.
ഗെയിൽ പൈപ്പ് ലൈൻ കടന്ന് പോകുന്ന ഇടങ്ങളിലെ ഭൂരേഖകളിൽ വരാൻ പോകുന്നത് വലിയ മാറ്റമാണ്, പൈപ്പ് ലൈൻ കടന്ന് പോകുന്ന വിവരം കൂടി ഉൾപ്പെടുത്തി പരിഷ്കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഭൂമിയുടെ വിൽപ്പനക്കായോ പ്രമാണം ഈടുവച്ച് പണം കടമെടുക്കുമ്പോഴോ തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. തണ്ടപ്പേര്‍ രജിസ്റ്ററിലും എക്സ്ട്രാറ്റിലും റിമാര്‍ക്സ് കോളത്തിലാകും മാറ്റം വരുത്തുക.
എറണാകുളം, തൃശൂര്‍, പാലക്കാട് കോഴിക്കോട് മലപ്പുറം കാസര്‍കോട് ജില്ലകളിലെ 510 കിലോമീറ്ററിലാണ് ഇതുവരെ പൈപ്പ് ലൈൻ സ്ഥാപിച്ചത്. പദ്ധതിയുടെ ഭാഗമായി ഗെയിൽ വിലക്ക് വാങ്ങിയതാണ് ഭൂമിയെങ്കിലും പൂര്‍ണ്ണമായി കൈമാറുകയല്ല ഉപയോഗ ആവശ്യത്തിന് വേണ്ടിമാത്രം ഏറ്റെടുക്കുകയാണ് ചെയ്തത്.
ഭുമി കൈമാറ്റത്തിന് നിലവിൽ തടസമില്ലെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടത്താനൊന്നും അനുമതിയില്ല. വിൽപ്പന നടത്താമെന്നിരിക്കെ തുടര്‍ന്നുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനെന്ന പേരിലാണ് പൈപ്പ് ലൈൻ പ്രത്യേകം രേഖപ്പെടുത്തണമെന്ന് ഗെയിൽ അധികൃതര്‍ ആവശ്യപ്പെട്ടതും സര്‍ക്കാര്‍ സമ്മതിച്ചതും.