സംസ്ഥാനത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന മികച്ച രീതിയില്‍ മുന്നേറുകയാണ്. 2023 വർഷത്തിൽ നാളിതുവരെ രജിസ്റ്റർ ചെയ്‍ത വാഹനങ്ങളിൽ 10 ശതമാനത്തില്‍ അധികം വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാണ് എന്നതും ശ്രദ്ധേയം. രാജ്യത്താകെയും ഇലക്ട്രിക്ക് വാഹന വില്‍പ്പന വളരുകയാണ്.
ഈ വർഷം ജനുവരിയിൽ രാജ്യത്താകെ 3438 ഇവി പാസഞ്ചർ വാഹനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ ജൂണിൽ അത് 7916 ആയി. 2023 ജൂലൈയിൽ രാജ്യത്തെ 1438 ആർടിഒകളിൽ 1352 എണ്ണത്തിൽ നിന്ന് വാഹൻ ഡാറ്റ പ്രകാരം ഇന്ത്യ 1,15,836 ഇവി വിൽപ്പന രജിസ്റ്റർ ചെയ്‍തു. തെലങ്കാന ഒഴികെയുള്ള കണക്കാണിത്. രാജ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ മാസം 45,993 യൂണിറ്റിൽ നിന്ന് 54,272 യൂണിറ്റായി ഉയർന്നപ്പോൾ, യാത്രക്കാർക്കുള്ള ഇലക്ട്രിക് ത്രീ-വീലറുകൾ ഇതേ കാലയളവിൽ 42,941 യൂണിറ്റിൽ നിന്ന് 48,240 യൂണിറ്റായി ഉയർന്നു. ചരക്കുനീക്കത്തിനുള്ള ഇലക്ട്രിക് ത്രീ-വീലറുകളുടെ വിൽപ്പന 2023 ജൂണിലെ 5,087 യൂണിറ്റിൽ നിന്ന് ജൂലൈയിൽ 5,496 യൂണിറ്റായി വളർന്നു. എന്നാല്‍ ജൂലൈ മാസത്തില്‍ ഇലക്ട്രിക് ഫോർ വീലറുകൾക്ക് നേരിയ ഇടിവ് നേരിട്ടു. 2023 ജൂണിലെ 7,916 യൂണിറ്റുകളെ അപേക്ഷിച്ച് ജൂലൈയിൽ 7,471 യൂണിറ്റുകൾ വിറ്റു എന്നാണ് കണക്കുകള്‍.