ലോഗോയും പേരുമല്ല ബ്രാന്‍ഡ് ! ശ്രദ്ധിക്കണം

ബ്രാന്‍ഡിനെ നിര്‍വചിക്കുമ്പോള്‍ പലപ്പോഴും വരുന്ന അബദ്ധമാണ് ലോഗോയും പേരും ചേര്‍ന്നാല്‍ ബ്രാന്‍ഡ് ആയി എന്ന് നിര്‍വചിക്കപ്പെടുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ ഒരു ധാരണയാണ്.നിങ്ങളുടെ ബ്രാന്‍ഡിനെ വിപണിയില്‍ സവിശേഷമായി നിലനിര്‍ത്താന്‍ മാറ്റ് ചില ഘടകങ്ങള്‍ കൂടി അനിവാര്യമാണ്. കോളിറ്റി, പൊസിഷനിംഗ്, റീപൊസിഷനിംഗ്, ബാലന്‍സ്ഡ് കമ്മ്യൂണിക്കേഷന്‍, ഇന്റേണല്‍ മാര്‍ക്കറ്റിംഗ്, അഡ്വെര്‍ടൈസിംഗ് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഒത്തു ചേര്‍ന്നാല്‍ മാത്രമേ ഒരു ബ്രാന്‍ഡ് പൂര്‍ണമാകുകയുള്ളൂ.

സംരംഭം ചെറുതോ വലുതോ ആവട്ടെ അത് സാമ്പത്തികമായി വിജയിക്കണമെങ്കില്‍ ശക്തമായ ബ്രാന്‍ഡ് അടിത്തറ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും ബ്രാന്‍ഡിംഗിന്റെ ആവശ്യകത പൂര്‍ണമായ രീതിയില്‍ മനസിലാക്കാന്‍ സംരംഭകര്‍ക്ക് കഴിയുന്നില്ല. എന്നാല്‍ സംരംഭകത്വത്തോട് യദാര്‍ത്ഥ പാഷനുളള വ്യക്തികളാവട്ടെ ബ്രാന്‍ഡിംഗ് എന്ന ആശയത്തിന് പ്രത്യേക ശ്രദ്ധ നല്‍കി പ്രവര്‍ത്തിക്കുകയും തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കൃത്യമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ഒരു ഉല്‍പ്പന്നത്തെ തിരിച്ചറിയുന്നതിനുള്ള വ്യത്യസ്തമായൊരു പേര് അല്ലെങ്കില്‍ ട്രേഡ് മാര്‍ക്ക് എന്നതാണ് ‘ബ്രാന്‍ഡ്’ എന്ന പദം കൊണ്ട് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്.ബ്രാന്‍ഡിനെ വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ച് ജനങ്ങളിലേക്കെത്തിക്കുന്ന രീതിയാണ് ബ്രാന്‍ഡിംഗ്. ബ്രാന്‍ഡ് ഒരു സ്ഥാപനത്തിന്റെ അടിത്തറയാണ്. അതിനാല്‍ പുതുതായി സംരംഭകനാകാനാഗ്രഹിക്കുന്ന ഒരു വ്യക്തി ആദ്യമായി ചെയ്യേണ്ടത് മികച്ച ഒരു ബ്രാന്‍ഡ് ഇമേജ് വളര്‍ത്തിയെടുക്കുക എന്നതാണ്. കാരണം നാം ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നമോ നല്‍കുന്ന സേവനമോ എത്ര മികച്ചതും ആയിക്കോട്ടെ, എന്നാല്‍ എന്താണ് നാം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് എന്ന് അവര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സാധിക്കണം. നിങ്ങളുടെ ഉല്‍പ്പന്നം/സേവനം ഉപഭോക്താവിന് എന്ത് നല്‍കും , സമാനമായ മറ്റുള്ളവയില്‍ നിന്ന് എങ്ങനെ വേറിട്ട് നില്‍ക്കുന്നു, എന്നിവയെല്ലാം ബ്രാന്‍ഡ് വ്യക്തമാക്കുന്നു. പായ്‌ക്കേജിംഗ് മുതല്‍ ഇടപാടുകാരുമായുള്ള ഫോണ്‍ സംഭാഷണം വരെയുള്ള എല്ലാം ബ്രാന്‍ഡിംഗില്‍ ഉള്‍പ്പെടും. ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടെയും സ്വഭാവ സവിശേഷതകളും മൂല്യങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ബ്രാന്‍ഡിംഗ് കൊണ്ട് സാധിക്കണം. 

ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി പല ബ്രാന്‍ഡുകളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സെലിബ്രിറ്റികളെ തേടാറുണ്ട്. എന്നാല്‍ ഇതെല്ലം തന്നെ തുടക്കത്തിലേ ചെയ്യേണ്ട കാര്യമില്ല. ഉപഭോക്തൃ ശൃംഖല എങ്ങനെ വളരുന്നു എന്നതിനെ ആസ്പദമാക്കിയാണ് ബ്രാന്‍ഡിംഗ് തന്ത്രങ്ങളും വിപുലീകരിക്കേണ്ടത്. ബ്രാന്‍ഡിംഗ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ അത് ജനങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന രീതിയില്‍ ആവിഷ്‌കരിക്കുക.

ബ്രാന്‍ഡിനെ പൊസിഷന്‍ ചെയ്യുന്നത് എന്നത് വിപണി നന്നായി പഠിച്ചശേഷം മാത്രം ചെയ്യേണ്ട കാര്യമാണിത്. ഉപഭോക്താക്കള്‍, അവരുടെ പ്രായപരിധി, പര്‍ച്ചേസിംഗ് പവര്‍ എന്നിവ ഈ ഘട്ടത്തില്‍ വിലയിരുത്തണം. ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള മോശപ്പെട്ട അനുഭവം ഉണ്ടാകുകയാണെങ്കില്‍ താമസം കൂടാതെ അത് പരിഹരിക്കുവാന്‍ കഴിയണം, അതിനു പ്രാപ്തമായ കസ്റ്റമര്‍ കെയര്‍ വിഭാഗത്തെ വികസിപ്പിച്ചെടുക്കുക എന്നതും ബ്രാന്‍ഡിംഗിന്റെ ഭാഗമാണ്. വില്‍പ്പനക്ക് എത്തിക്കുന്ന ഉല്‍പ്പന്നം ചെറുതോ വലുതോ ആകട്ടെ, ഉപഭോക്താക്കള്‍ ചെലവിടുന്ന പണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ബ്രാന്‍ഡ് ഏറ്റെടുക്കണം. മറ്റുളളവര്‍ക്ക് ഒരിക്കലും പകര്‍ത്താന്‍ സാധിക്കാത്ത, എന്നാല്‍ നിരവധിയാളുകള്‍ മാതൃകയാക്കും വിധമായിരിക്കണം ബ്രാന്‍ഡിനെ പൊസിഷന്‍ ചെയ്യേണ്ടത്.

അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ് , നാമകരണം, ലോഗോ ഡിസൈനിംഗ് എന്നിവ ബ്രാന്‍ഡിന്റെ ഭാഗമായി തന്നെ മുന്നോട്ട് കൊണ്ട് പോകേണ്ട കാര്യങ്ങളാണ്. ലോഗോ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒന്നാകണം. 

Leave a Reply

Your email address will not be published. Required fields are marked *