ബോക്സ് ഓഫീസിൽ തരംഗമായി സ്റ്റൈൽ മന്നന്റെ ജയിലർ. മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് 100 കോടിയിലധികമാണ് ചിത്രം നേടിയത്. ആദ്യ ദിനം തന്നെ 49 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും യഥാക്രമം 25.75 കോടിയും 35 കോടിയും ചിത്രം കളക്ഷൻ നേടിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇന്ത്യയിൽ നിന്നും ആകെ കളക്ഷൻ 109.10 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. പ്രവൃത്തി ദിനങ്ങളിൽ നിന്നുമാണ് ഈ കളക്ഷൻ നേടിയതെന്നും ശ്രദ്ധേയമാണ്.
ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. പ്രാഥമിക കണക്കുകൾ പ്രകാരം, നാലാം ദിവസം ജയിലർ ഇന്ത്യയിൽ 33.25 കോടി രൂപ നേടി. റിലീസ് ദിവസം തന്നെ 49 കോടിയിലധികം കളക്ഷൻ നേടിയ ജയിലർ, ആദ്യ ദിനം ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രമായും മാറി. ചിത്രത്തിന്റെ കളക്ഷൻ വെള്ളിയാഴ്ച 25 കോടിയായി കുറഞ്ഞെങ്കിലും ശനിയാഴ്ച വീണ്ടും 34 കോടിയായി ഉയർന്നു. മൂന്ന് ദിവസം കൊണ്ട് 100 കോടിയിലധികം കളക്ഷൻ നേടുന്ന ആദ്യ തമിഴ് ചിത്രമായും ജയിലർ മാറി.
നെൽസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് അന്താരാഷ്ട്ര തലത്തിലും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും വലിയ ഓപ്പണറായി ജയിലർ മാറിയിരിക്കുകയാണ്. വിദേശത്തു നിന്നും ചിത്രം ഇതുവരെ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം ഇതിനകം യുഎസിൽ 3 മില്യൺ ഡോളർ (32 കോടി) ആണ് നേടിയത്.
അതേസമയം, ലോകമെമ്പാടുമായി ചിത്രം ഇതുവരെ 300 കോടി പിന്നിട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ ഇക്കാര്യം സിനിമയുടെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടില്ല. കേരളത്തില്‍ ഇന്നലെ ഏഴ് കോടിയാണ് ചിത്രം നേടിയത്. എന്നാൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ജയിലർ 1000 കോടി നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന്റെ കളക്ഷൻ കൂടി പുറത്തുവരുമ്പോഴായിരിക്കും ഇതിൽ കൂടുതൽ വ്യക്തത വരിക.