ലാപ് ടോപ്പ് ഇറക്കുമതി ചെയ്യാം; നിയന്ത്രണ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ച് കേന്ദ്രം

ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, കമ്പ്യൂട്ടറുകൾ  തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണ ഉത്തരവ് കേന്ദ്രസർക്കാർ മരവിപ്പിച്ചു. ഒക്ടോബർ 31 വരെയാണ് ഇറക്കുമതി നിയന്ത്രണ ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ പുതിയ അറിയിപ്പ് പ്രകാരം നവംബർ മുതലാണ്  ലാപ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രണ ഉത്തരവ് പ്രാബല്യത്തിൽ വരിക.

അതുകൊണ്ട് തന്നെ മൂന്ന് മാസത്തേക്ക് കൂടി ലൈസൻസില്ലാതെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ഇലക്ട്രോണിക് കമ്പനികൾക്ക് കൂടുതൽ സമയം ലഭിക്കും. ഈ കമ്പനികൾ നവംബർ ഒനന് മുതൽ  ഇത്തരം ഉൽപ്പന്നങ്ങൾ  ഇറക്കുമതി ചെയ്യാൻ സർക്കാരിൽ നിന്ന് ലൈസൻസ് എടുക്കേണ്ടതുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലാപ്ടോപ്പ്, ടാബ് ലൈറ്റുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ, സെർവറുകൾ തുടങ്ങിയ ഇലക്ട്രോണിക് സാധനങ്ങളുടെ ഇറക്കുമതിക്കാണ് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയതായി കഴിഞ്ഞദിവസം അറിയിപ്പ് വന്നത്. നവംബർ മുതൽ അംഗീകൃത ലൈസൻസുള്ള കമ്പനികൾക്ക് മാത്രമായിരിക്കും ഇത്തരം ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ കഴിയുക. നേരത്തെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലായിരുന്നു.

സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ചൈനയും കൊറിയയും പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇലക്ട്രോണിക് സാധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം.മെയ്ക്ക് ഇന്‍ ഇന്ത്യ, പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) സ്‌കീം എന്നിവ പ്രകാരം ആഭ്യന്തര ഉത്പാദനം  പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൂടി  കണക്കിലെടുത്താണ് ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി സർക്കാർ ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *