സാമ്പത്തിക പ്രതിസന്ധി കൂടുതൽ ഗുരുതരാവസ്ഥയിലേക്കു നീങ്ങിയതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. ദൈനംദിന ചെലവുകളുടെ ബില്ലുകൾക്കുള്ള നിയന്ത്രണം 25 ലക്ഷത്തിൽനിന്ന് 10 ലക്ഷം രൂപയാക്കി. 10 ലക്ഷത്തിനു മേൽ തുകയുടെ പ്രധാന ബില്ലുകൾ പാസാകണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടണം.
ശമ്പളം, പെൻഷൻ, മരുന്നുകൾ വാങ്ങൽ തുടങ്ങി അടിയന്തരവും പ്രധാനപ്പെട്ടതുമായ ചുരുക്കം ചെലവുകൾ ഒഴികെ എല്ലാ ബില്ലുകൾക്കും നിയന്ത്രണം ബാധകമാകും. നിയന്ത്രണം ലംഘിച്ച് ബിൽ പാസാക്കിയാൽ കർശന നടപടിയെടുക്കുമെന്നു ട്രഷറിക്കു ധനവകുപ്പ് മുന്നറിയിപ്പു നൽകി. ഓണച്ചെലവുകൾക്ക് ആവശ്യമായ പണം പരമാവധി നീക്കിവയ്ക്കുന്നതിന്റെ ഭാഗമായാണ് ഒരു മാസം മുൻപു തന്നെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം മറികടക്കാൻ ചില വകുപ്പുകൾ വലിയ തുകയ്ക്കുള്ള ഒറ്റ ബിൽ 10 ലക്ഷത്തിൽ താഴെയുള്ള ബില്ലുകളായി വിഭജിച്ചു തുക മാറിയെടുക്കുന്ന രീതിയുണ്ട്. ഇങ്ങനെ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ധനവകുപ്പു മുന്നറിയിപ്പു നൽകി.