500 ചതുരശ്ര അടി വിസ്തീർണമുള്ള വീട് 28 ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുമായി കേരള സംസ്ഥാന നിർമിതി കേന്ദ്രം (കെസ്നിക്). 3ഡി ഡിജിറ്റൽ പ്ലാനും നിർമാണ സാമഗ്രികൾ നിറയ്ക്കുന്ന 3ഡി പ്രിന്റിങ് ഉപകരണവും ഉപയോഗിച്ചുള്ള നൂതന സാങ്കേതിക വിദ്യയാണ് 3ഡി പ്രിന്റിങ്. ആഭരണങ്ങളും വാഹനങ്ങളുടെ ഭാഗങ്ങളും പലതരം ഉപകരണങ്ങളുമൊക്കെ 3ഡി പ്രിന്റിങ് വഴി നിർമിക്കാറുണ്ടെങ്കിലും കെട്ടിട നിർമാണ രംഗത്ത് സംസ്ഥാനത്തെ ആദ്യ പരീക്ഷണമാണിത്.
കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി ചേർന്ന് ചെന്നൈ ഐഐടി രൂപീകരിച്ച ഇൻക്യുബേറ്റർ കമ്പനിയായ ത്വസ്ഥ വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. കംപ്യൂട്ടറിൽ അപ്ലോഡ് ചെയ്യുന്ന കെട്ടിടത്തിന്റെ 3ഡി ഡിസൈൻ അനുസരിച്ച്, നിർമാണ സാമഗ്രികൾ നിറച്ച ത്രീഡി പ്രിന്റിങ് ഉപകരണം വീടിന്റെ ഭാഗങ്ങൾ നിർമിക്കും. കട്ടകൾ ഉപയോഗിക്കില്ല. പ്രത്യേകം തയാറാക്കിയ കോൺക്രീറ്റ് മിശ്രിതമാണ് ഉപയോഗിക്കുക. രൂപകൽപനയ്ക്ക് അനുസരിച്ച് പാളികളായി മിശ്രിതം നിക്ഷേപിച്ചാണ് നിർമാണം.
മെഷീൻ നിർമിതമായതിനാൽ ചെലവു കുറവാണെന്ന് ഇവർ പറയുന്നു. ഒരേ തരത്തിലുള്ള നിർമാണങ്ങൾക്ക് യോജിച്ച പദ്ധതിയായതിനാൽ പല പ്രോജക്ടുകൾക്കും ഇവ ഉപയോഗിക്കാം. സങ്കീർണമായ രൂപകൽപനയും എളുപ്പത്തിൽ നിർമിക്കാമെന്ന് ഇവർ അവകാശപ്പെടുന്നു. നാളെ ഉച്ചയ്ക്ക് 12ന് പിടിപി നഗറിലുള്ള കെസ്നിക് ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ പദ്ധതി ഉദ്ഘാടനം ചെയ്യും.