‘ഇ–ഇൻവോയ്സ്’വ്യാപാരികൾ അറിയേണ്ടതെല്ലാം

കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും വർഷം 5 കോടിക്കുമേൽ വിറ്റുവരവു നേടിയ വ്യാപാരികൾ, അവരുടെ മറ്റൊരു റജിസ്റ്റേഡ് വ്യാപാരിക്കുള്ള (ടിഡിഎസ് റജിസ്ട്രേഷൻ ഉൾപ്പെടെ) ചരക്കിന്റെയും സേവനത്തിന്റെയും സപ്ലൈക്ക് (ബിടുബി ) റൂൾ 48 (4) പ്രകാരം ഇ–ഇൻവോയ്‌സ്‌ എടുക്കണം. എന്നാൽ, വിറ്റുവരവു പരിധി കണക്കാക്കുന്നതിൽ ‘മുൻ വർഷങ്ങളിലെ വിറ്റുവരവ്’ എന്ന വ്യവസ്ഥ കൂടിയുള്ളതിനാൽ ഈ സാമ്പത്തിക വർഷം 5 കോടി ഉണ്ടെങ്കിലും മുൻ വർഷങ്ങളിൽ (അതായത് ജിഎസ്ടി നടപ്പാക്കിയ 2017-18 മുതൽ 2021 -22 വരെ) വിറ്റുവരവ് 5 കോടി എത്തിയിട്ടില്ലെങ്കിൽ ഇ-ഇൻവോയ്‌സ്‌ ബാധകമല്ല.വിറ്റുവരവു കണക്കാക്കുന്നത് പാൻ നമ്പറിലെ എല്ലാ റജിസ്ട്രേഷനിലെയും ആകെത്തുകയാണ്.

ഇ- ഇൻവോയ്‌സ് എടുക്കാൻ ആദ്യം പോർട്ടലിൽ (IRP) റജിസ്റ്റർ ചെയ്യണം (https://einvoice1.gst.gov.in/). റജിസ്ട്രേഷന് ശേഷം ലോഗിൻ ചെയ്ത് സപ്ലൈക്കു നൽകാനുള്ള ഇൻവോയ്‌സിലെ വിവരങ്ങൾ അപ്‌ലോഡ് ചെയ്‌താൽ 64 ക്യാരക്റ്ററുള്ള ഇൻവോയ്‌സ്‌ റഫറൻസ് നമ്പർ -ഐആർഎൻ (IRN), അതുൾക്കൊള്ളുന്ന ക്യൂആർ കോഡ്, 16 അക്ക അക്നോളജ് നമ്പർ (AKN) എന്നിവ ലഭിക്കും. ഇവ ഉൾക്കൊള്ളുന്ന ഇ- ഇൻവോയ്‌സ്‌ പ്രിന്റ് എടുക്കുകയോ നിലവിലെ ഇൻവോയ്‌സിൽ ഇവ ഉൾക്കൊള്ളിക്കുകയോ ആണ് സപ്ലയർ ചെയ്യേണ്ടത്. ഇൻവോയ്‌സ്‌ നമ്പറിൽ പൂജ്യത്തിൽ തുടങ്ങുന്ന നമ്പർ, ഇംഗ്ലിഷ് ചെറിയ അക്ഷരം എന്നിവ പാടില്ല.

ഒരു റജിസ്റ്റേർഡ് വ്യാപാരി, ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരിക്കോ ഉപയോക്താവിനോ നടത്തുന്ന വിൽപന (ബിടുസി), പൂർണമായും നികുതിരഹിത ചരക്കുകളുടെയോ സേവനങ്ങളുടെയോ സപ്ലൈ , ഡെലിവറി ചെലാൻ, ഫിനാൻഷ്യൽ ക്രെഡിറ്റ് /ഡെബിറ്റ് നോട്ട്, ഇൻവേഡ് സപ്ലൈ ഇൻവോയ്‌സ്‌ എന്നിവയ്ക്ക് ഇ- ഇൻവോയ്‌സ്‌ ആവശ്യമില്ല. സെസ് യൂണിറ്റുകൾ, ഇൻഷുറൻസ്, ബാങ്കിതര ധനകാര്യ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്സ് ട്രാൻസ്പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്പോർട്ട് സർവീസ്, മൾട്ടിപ്ലക്സ് സിനിമ എന്നീ മേഖലകളെയും ഇ–ഇൻവോയ്സിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഒരിക്കൽ എടുത്ത ഇ–ഇൻവോയ്‌സിൽ തിരുത്തലുകൾ സാധ്യമല്ല. തെറ്റു കണ്ടെത്തിയാൽ 24 മണിക്കൂറിനുള്ളിൽ ഇ-ഇൻവോയ്‌സ് റദ്ദാക്കാം. ഇതിന് ഉപയോഗിച്ച സപ്ലൈ ഇൻവോയ്‌സ്‌ നമ്പർ, ഇ–വേബിൽ എന്നിവ കൂടി അതോടൊപ്പം അസാധുവാകും. ഇ–ഇൻവോയ്‌സ്‌ റദ്ദാക്കുന്നതിനു മുൻപ് ഇ–വേബിൽ ഉണ്ടെങ്കിൽ ആദ്യം ഇ–വേ ബിൽ റദ്ദാക്കണം. 24 മണിക്കൂറിനു ശേഷമുള്ളതോ വഴിയിൽ ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്കു വിധേയമായ ഇ–വേബിൽ ഉള്ളതോ ആയ ഇ– ഇൻവോയ്‌സ്‌ റദ്ദാക്കാനാവില്ല. ഇ -ഇൻവോയ്‌സ്‌ ഇല്ലാതെ നൽകുന്ന ഇൻവോയ്‌സ്‌ അംഗീകൃത ഇൻവോയ്‌സ്‌ ആയി പരിഗണിക്കാത്തതിനാൽ ചരക്കുനീക്കം തടസ്സപ്പെടാനും പിഴയ്ക്കും ഇൻപുട് ടാക്സ് ക്രെഡിറ്റ് കിട്ടാതിരിക്കാനും ഇടയാകും.

Leave a Reply

Your email address will not be published. Required fields are marked *