പട്ടിക വിഭാഗങ്ങളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് ഉന്നതി (കേരള എംപവർമെന്റ് സൊസൈറ്റി) തിരുവനന്തപുരത്ത് സ്റ്റാർട്ടപ് സിറ്റി സ്ഥാപിക്കുന്നു. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബികയും എസ്‌സി-എസ്ടി പിന്നാക്ക ക്ഷേമ വകുപ്പ് സ്പെഷൽ സെക്രട്ടറിയും എംപവർമെന്റ് സൊസൈറ്റി സിഇഒയുമായ പ്രശാന്ത് നായരും ഒപ്പുവച്ചു.
തിരുവനന്തപുരം മണ്ണന്തലയിൽ എസ്‍സി-എസ്ടി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 10 ഏക്കറിൽ 5000 ചതുരശ്ര അടി സ്ഥലത്താണ് ഉന്നതി സ്റ്റാർട്ടപ്പ് സിറ്റിയായി വികസിപ്പിക്കുക. ഐ.ടി, ഇലക്ട്രോണിക്സ്, കൃഷി, വിനോദസഞ്ചാരം, പൊതുസേവനം തുടങ്ങിയ മേഖലകളിൽ പിന്നാക്ക വിഭാഗങ്ങളിലെ സംരംഭകർക്ക് ഇൻകുബേഷൻ സൗകര്യങ്ങളും പിന്തുണയും നൽകും.പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡി.ആർ.മേഘശ്രീ, ജോയിന്റ് ഡയറക്ടർ മുരളി എം.നായർ തുടങ്ങിയവർ പ്രസംഗിച്ചു.