വൻകിട സ്ട്രീമിങ് സ്റ്റുഡിയോകൾ തുച്ഛമായ പ്രതിഫലം നൽകി നടീനടന്മാരെ ചൂഷണം ചെയ്യുന്നതു തുടങ്ങി അഭിനേതാക്കളുടെ എഐ പതിപ്പുകൾ ഉപയോഗിക്കുന്നത് വരെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.എഴുത്തുകാരുടെ സമരത്തെ പിന്തുണച്ചും നടീനടന്മാർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ടും അഭിനേതാക്കളുടെ യൂണിയൻ കൂടി പണിമുടക്ക് ആരംഭിച്ചതോടെ ഹോളിവുഡിൽ ചലച്ചിത്ര നിർമാണം മുടങ്ങി.
മേയ് രണ്ടിന് എഴുത്തുകാരുടെ സംഘടനയായ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക ആരംഭിച്ച പണിമുടക്ക് 2 മാസം പിന്നിടുമ്പോഴാണ് അഭിനേതാക്കൾ കൂടി സമരത്തിൽ പങ്കുചേരുന്നത്. സിനിമകൾ ഒടിടിക്ക് നൽകുമ്പോൾ ആനുപാതികമായി എഴുത്തുകാർക്ക് പ്രതിഫലം നൽകാത്തതിനെതിരെയും ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള എഐ രചനാസംവിധാനങ്ങൾ തിരക്കഥാരചനയിലും മറ്റും ഉപയോഗിക്കുന്നതിനെതിരെയുമാണ് എഴുത്തുകാരുടെ സമരം
നടീനടന്മാരുടെ എഐ നിർമിത വിഡിയോകൾ ടിവിയിലും സിനിമയിലും ഉപയോഗിക്കുന്നതിനു കർശന നിയന്ത്രണവും പ്രതിഫലവും വേണമെന്നും അഭിനേതാക്കളുടെ സംഘടന ആവശ്യപ്പെടുന്നു. വലിയ ജനക്കൂട്ടവും മറ്റുമുള്ള രംഗങ്ങൾ എഐ വഴി സൃഷ്ടിക്കുന്നത് നൂറുകണക്കിന് ജൂനിയർ ആർടിസ്റ്റുകളെ തൊഴിൽരഹിതരാക്കിയതായും സംഘടന ചൂണ്ടിക്കാണിക്കുന്നു.