പുസ്തകങ്ങളുടെ വില പലിശസഹിതം അടയ്ക്കണം;സ്കൂളുകൾക്ക് നോട്ടിസ്

വിറ്റ പുസ്തകങ്ങളുടെ തുക അടയ്ക്കാത്തതും വിൽക്കാത്ത പുസ്തകങ്ങൾ തിരിച്ചേൽപിക്കാത്തതുമായ സൊസൈറ്റികളാണ് 18% പലിശ സഹിതം ഇപ്പോൾ അടയ്ക്കേണ്ടിവരികയെന്നു സംസ്ഥാന പാഠപുസ്തക ഓഫിസ് പറയുന്നു. 2010–11 മുതൽ 2017–18 വരെ വിൽക്കാതെ അധികം വന്ന പാഠപുസ്തകങ്ങൾ തിരിച്ചേൽപിച്ചതിന്റെ രേഖ ഹാജരാക്കുന്നവർ പണം അടയ്ക്കേണ്ടി വരില്ല.

9,10 ക്ലാസുകളിൽ വിൽക്കാതെ ബാക്കിയായ പാഠപുസ്തകങ്ങളുടെ വില 18% പലിശസഹിതം തിരിച്ചടയ്ക്കണമെന്നു സ്കൂളുകൾക്ക് സംസ്ഥാന പാഠപുസ്തക ഓഫിസിന്റെ നോട്ടിസ്. സ്കൂൾ സൊസൈറ്റി ഭാരവാഹികളായ അധ്യാപകരാണ് ബാധ്യത തീർക്കേണ്ടത്. 2010–11 മുതൽ കുടിശികയായ തുകയും പലിശയും ചേർത്തു ലക്ഷങ്ങളാണ് പല സ്കൂൾ സൊസൈറ്റികളും അടയ്ക്കേണ്ടത്.

പ്രധാനാധ്യാപകരാണ് സൊസൈറ്റി പ്രസിഡന്റാകുന്നത്; അധ്യാപകരിലൊരാൾ സെക്രട്ടറിയും. പല സ്കൂളുകളിലും സൊസൈറ്റി ഭാരവാഹികൾ മാറിയിട്ടുണ്ട്. പക്ഷേ, ഇപ്പോഴുള്ളവർ ബാധ്യത തീർത്തില്ലെങ്കിൽ വിരമിക്കൽ ആനുകൂല്യങ്ങളെവരെ ബാധിക്കും. സ്കൂളിനു നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് കിട്ടില്ലെന്ന ആശങ്കയുമുണ്ട്.

എട്ടാം ക്ലാസ് വരെയുള്ള പുസ്തങ്ങൾ സൗജന്യമാണ്. 9,10 ക്ലാസുകളിലാണ് പാഠപുസ്തകം വില കൊടുത്തു വാങ്ങേണ്ടത്. അടുത്ത അധ്യയനവർഷം വേണ്ട പുസ്തകങ്ങളുടെ എണ്ണം കണക്കാക്കി നവംബറിലാണ് ഓർഡർ നൽകുന്നത്. ഏകദേശ കണക്കനുസരിച്ചാണ് ഓർഡർ നൽകുന്നത്. എന്നാൽ കുറച്ചു കുട്ടികളെങ്കിലും പഴയ പുസ്തകങ്ങൾ ഉപയോഗിക്കുന്നതിനാൽ ഓർഡർ നൽകിയ പുസ്തകങ്ങളെല്ലാം വിറ്റുപോകില്ല. ആവശ്യപ്പെട്ടതിലധികം പുസ്തകങ്ങൾ എത്തിച്ചിരുന്നുവെന്നും അധികമാണെന്ന് അറിയിച്ചിട്ടും തിരിച്ചെടുത്തില്ലെന്നും സ്കൂൾ അധികൃതർ പറയുന്നു.

2019–20 അധ്യയന വർഷം 9, 10 ക്ലാസുകളിലെ പുസ്തകങ്ങൾ മാറിയതിനാൽ 2018–19 ൽ ബാക്കിയായ പുസ്തകങ്ങൾ ‘ഡെഡ് സ്റ്റോക്ക്’ ആയി കണക്കാക്കാമെങ്കിലും അതിനു സർക്കാർ ഉത്തരവു വേണ്ടിവരും. 2019–20 മുതൽ ഓർഡർ നൽകിയ പാഠപുസ്തകങ്ങളിൽ ബഹുഭൂരിപക്ഷവും വിറ്റുപോയിട്ടുണ്ടെങ്കിൽ അതിന്റെ പണം മാത്രം അടച്ചാൽ മതി. എന്നാൽ വളരെ കൂടുതൽ ഓർഡർ നൽകിയ സ്കൂളുകളിലാണ് ബാക്കിവന്നതെങ്കിൽ ഈ പരിഗണന നൽകില്ല.

അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിലെ പരാമർശത്തെ തുടർന്നാണ് 2018 ൽ പാഠപുസ്തക ഓഡിറ്റിങ് ആരംഭിച്ചത്. 2011–18 കാലത്തെ ഓഡിറ്റിങ് 2019 ൽ പൂർത്തിയായതനുസരിച്ച് 50 കോടിയോളം രൂപ കുടിശിക പിരിഞ്ഞുകിട്ടി.

Leave a Reply

Your email address will not be published. Required fields are marked *