ബജറ്റ് എയർലൈനായ ഗോ ഫസ്റ്റ് എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീമിന് (ഇസിഎൽജിഎസ്) കീഴിൽ നിന്നും 600 കോടി രൂപ ഉടൻ വായ്പ എടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എയർ ട്രാവൽ ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ ഗോ ഫസ്റ്റിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായാണ് വായപ.
കോവിഡ് കാലങ്ങളിൽ എയർലൈൻ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. യാത്രാ നിയന്ത്രണങ്ങൾ, ഉയർന്ന ഇന്ധനച്ചെലവ് എന്നിവയുൾപ്പെടെ നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നു. കഴിഞ്ഞ 15 മാസത്തിനിടെ പ്രൊമോട്ടർമാർ ഏകദേശം 2,800 കോടി രൂപ ഗോ ഫസ്റ്റിൽ നിക്ഷേപിച്ചിട്ടുണ്ട്. കോവിഡ് തകർത്ത എയർലൈൻ വ്യവസായത്തെ സഹായിക്കാൻ, ഒരു സ്ഥാപനത്തിന് ലഭിക്കാവുന്ന വായ്പയുടെ പരിധി സർക്കാർ ഉയർത്തിയിരുന്നു. ആദ്യം ഇസിഎൽജിഎസ് പരിധി 400 കോടി ആയിരുന്നെങ്കിൽ ഇപ്പോൾ അത് 1,500 കോടി രൂപയാണ്.
ഇ സി എൽ ജി എസ് വായ്പ മുഖേന എയർലൈൻ ഇതുവരെ 400 കോടി രൂപ നേടിയിട്ടുണ്ട്. പരിധി ഉയർത്തിയതിന് ശേഷം 600 കോടിക്ക് വേണ്ടി കൂടി അപേക്ഷിച്ചിരിക്കുകയാണ് എയർലൈൻ. സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ തുടങ്ങിയ ബാങ്കുകൾ ഗോ ഫസ്റ്റിന് വായ്പ നൽകിയിട്ടുണ്ട്. ഏവിയേഷൻ കൺസൾട്ടൻസി സ്ഥാപനമായ സിഎപിഎ, ഈ സാമ്പത്തിക വർഷം ഇന്ത്യൻ എയർലൈനുകളുടെ നഷ്ടം 2.5 ബില്യൺ ഡോളർ കവിയുമെന്ന് കണക്കാക്കിയിരുന്നു