വിപണി മൂല്യത്തിൽ ലോകത്തിൽ നാലാം സ്ഥാനത്തേക്കുയർന്ന് എച്ച്ഡിഎഫ്‌സി

ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ മുൻനിരയിലേക്കുയർന്ന് ഇന്ത്യൻ കമ്പനിയായ എച്ച്ഡിഎഫ്സി ബാങ്ക്. എച്ച്ഡി.എഫ്.സി ബാങ്ക് ലിമിറ്റഡും ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനും തമ്മിലുള്ള ലയനം പൂർത്തിയാകുന്നതോടെ വിപണി മൂല്യത്തിൽ നാലാം സ്ഥാനത്തെത്തുന്ന ബാങ്കായി എച്ച്ഡിഎഫ്സി മാറുമെന്നാണ് ബ്ലുംബെർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ജെപി മോർഗൻ, ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക  എന്നിവയാണ് നിലവിൽ എച്ച്ഡിഎഫ്സിയ്ക്ക് മുൻപിലായി ഒന്നും, രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഏകദേശം 172 ബില്യൺ ഡോളറാണ് എച്ച്ഡിഎഫ്സിയുടെ മൂല്യം.

ജൂലൈ 1 മുതൽ ലയനം പ്രാബല്യത്തിൽ വരുന്നതോടെ, പുതിയ എച്ച്‌ഡിഎഫ്‌സി ബാങ്കിന് ഏകദേശം 120 ദശലക്ഷം അതായത് 12 കോടി  ഉപഭോക്താക്കളുണ്ടാകുമെന്നും, ഇത് ജർമ്മനിയിലെ ജനസംഖ്യയേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലയനം പൂർത്തിയായാൽ ബ്രാഞ്ചുകളുടെ എണ്ണം 8,300-ലധികമായി ഉയരും. കൂടാതെ  ജീവനക്കാരുടെ എണ്ണം  177,000 ത്തിലധികവുമായും വർധിക്കും

2022 ഏപ്രിൽ മാസം നാലാം തിയ്യതിയാണ് എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡും, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനും തമ്മിലുള്ള ലയനം സംബന്ധിച്ചുള്ള പ്രഖ്യാപനം വന്നത്. സഹോദരസ്ഥാപനങ്ങളായ എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡും, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനും തമ്മിലുള്ള ലയനം 40 ബില്യൺ ഡോളർ മൂല്യമുള്ളതാണ്. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യബാങ്കുകളിലൊന്നാണ് എച്ച്ഡിഎഫ്സി ബാങ്ക്. ലയനത്തിൽ ഉപയോക്താക്കൾക്ക് ആശങ്ക വേണ്ടെന്നും, ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡും, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനും തമ്മിലുള്ള  ലയനം സമ്പദ് വ്യവസ്ഥയ്ക്കും ബാങ്കിന്റെ ഉപയോക്താക്കൾക്കും ഏറെ പ്രയോജനം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *