ഹാൾമാർക്ക് ചെയ്‌തിരിക്കുന്ന ഓരോ ആഭരണത്തിലും അടയാളപ്പെടുത്തുന്ന 6 ക്യാരക്ടർ മുദ്രയാണ് എച്ച്‌യുഐഡി. ഇതിൽ ഇംഗ്ലിഷ് അക്ഷരങ്ങളും അക്കങ്ങളും ഉൾപ്പെടും. ബിഐഎസ് സാക്ഷ്യപ്പെടുത്തിയ ഹാൾമാർക്കിങ് സെന്ററിലാണ് എച്ച്‍യുഐഡി മുദ്രണം ചെയ്യുന്നത്. ബിഐഎസ് കെയർ മൊബൈൽ ആപ് ഉപയോഗിച്ച് എച്ച്‌യുഐഡിയുടെ ആധികാരികത പരിശോധിക്കാം.
രാജ്യത്ത് സ്വർണാഭരണങ്ങളുടെ നിർബന്ധിത എച്ച് യുഐഡി ഇന്നു മുതൽ പൂർണമായി നടപ്പാക്കും. എച്ച് യുഐഡി മുദ്ര പതിപ്പിക്കാത്ത ഒരു സ്വർണാഭരണവും വ്യാപര ശാലകളിൽ വിൽക്കാനോ പ്രദർശിപ്പിക്കാനോ പാടില്ല .2 ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഒഴിവുണ്ട്. ഹോൾമാർക്കിങ് ലൈസൻസില്ലാത്ത വ്യാപാര ശാലകൾക്ക് പ്രവർത്തിക്കാനുമാകില്ല.
ഇടുക്കി ജില്ലയിൽ ഹാൾമാർക്കിങ് സെന്റർ ഇല്ലാത്തതിനാൽ ജില്ലയെ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 1ന് നിർബന്ധിത എച്ച് യുഐഡി കേന്ദ്രം നടപ്പാക്കിയെങ്കിലും വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് ജൂൺ 30 വരെ സ്റ്റോക്ക് വെളിപ്പെടുത്തിയ ജ്വല്ലറികൾക്ക് ഇളവ് അനുവദിച്ചിരുന്നു. രാജ്യത്ത് ഇതുവരെ 23കോടി ആഭരണങ്ങൾക്ക് എച്ച് യുഐഡി പതിപ്പിച്ചിട്ടുണ്ട്.
കേരളത്തിൽ 7000 സ്വർണാഭരണ വ്യാപാര കേന്ദ്രങ്ങൾ പൂർണമായി എച്ച് യുഐഡി നടപ്പാക്കിക്കഴിഞ്ഞു. അനധികൃത വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടി നൽകുന്നതാണ് തീരുമാനം. ഇന്നു മുതൽ പരിശോധനകളും നടപടികളും കർശനമാക്കും. പഴയ സ്വർണമുള്ളവർക്ക് അത് മാറ്റിവാങ്ങുന്നതിന് തടസ്സമില്ല. രാജ്യത്തെ ഏകദേശം 100 ശതമാനത്തിനടത്ത് സ്വർണവിൽപനയും നടക്കുന്ന 339 ജില്ലകളിലാണ് എച്ച്‍യുഐഡി നടപ്പാക്കുന്നത്.