സംരംഭങ്ങൾക്ക് 4 % പലിശ; സംരംഭക വായ്പാ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു

2022 – 23 സംരംഭക വര്‍ഷത്തിന്റെ ഭാഗമായി നാല് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്ന സംരംഭക വായ്പാ പദ്ധതിയുടെ ഉദ്ഘാടനം ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു. സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സംരംഭകര്‍ക്കായി പുതിയ വായ്പാ പദ്ധതി ആരംഭിക്കുന്നത്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങില്‍ വായ്പാ സംവിധാന മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനവും വിവിധ ബാങ്കുകള്‍സംരംഭകര്‍ക്ക് നല്‍കുന്ന വായ്പ അനുമതി പത്രിക വിതരണത്തിന്റെ ഉദ്ഘാടനവും ബഹു. മന്ത്രി നിര്‍വഹിച്ചു.

പുതുതായി ആരംഭിക്കുന്ന എം.എസ്.എം. ഇകൾക്ക് വായ്പ നൽകുന്നതാണ് കേരള സംരംഭക വായ്പാ പദ്ധതി . നിർമ്മാണം, സേവനം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ആരംഭിക്കുന്ന പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് പലിശയിളവ് ലഭിക്കുക. ഇതിനായി തയ്യാറാക്കിയ പ്രത്യേക പോർട്ടൽ മുഖാന്തരമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകന് ഉദ്യം രജിസ്ട്രേഷൻ ഉണ്ടാവണം. അപേക്ഷകൾ അതിവേഗം തീർപ്പാക്കാൻ എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷം വരെയുള്ള അപേക്ഷകൾ 15 ദിവസങ്ങൾക്കുള്ളിലും 10 ലക്ഷം വരെയുള്ള അപേക്ഷകൾ ഒരു മാസത്തിനുള്ളിലും പരിഗണിച്ച് തീർപ്പുകൽപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ 2022 ആഗസ്റ്റ് മാസത്തിൽ വായ്പാ മേളകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

‘സംരംഭകരെ തേടി പോകുന്ന നയമാണ് സര്‍ക്കാരിന്റേത്. ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ടാണ് ഒരു വര്‍ഷത്തെ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ വ്യവസായം, തദേശ സ്വയംഭരണം, സഹകരണം തുടങ്ങിയ വകുപ്പുകള്‍ യോജിച്ചാണ് സംരംഭക വായ്പാ പദ്ധതി നടപ്പിലാക്കുന്നത്. താഴെ തലങ്ങളിലുള്ള സംരംഭകര്‍ ബാങ്കുകളില്‍ വരുമ്പോള്‍ അവരെ കൈ പിടിച്ച് സഹായിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാകണം. ഓരോ ബാങ്കും സംരംഭക വായ്പ നല്‍കുന്നതില്‍ ടാര്‍ജറ്റ് നിശ്ചയിച്ച് മുന്നോട്ട് പോയാല്‍ ഓരോ പഞ്ചായത്തിലും ആയിരക്കണക്കിന് ചെറിയ സംരംഭങ്ങൾ തുടങ്ങുവാൻ കഴിയും. പരിസ്ഥിതിയ്ക്ക് ഇണങ്ങുന്ന സംരംഭങ്ങളെയാണ് സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നെതെന്നും’ ബഹു. മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *