ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായി മദ്യത്തിന് നികുതി വർധിപ്പിക്കാൻ കർണാടക സർക്കാർ. മദ്യവിൽപനയിൽ നിന്നുള്ള വരുമാനം 10 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം.
ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾക്കായി 45000 കോടി രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. ക്ഷേമപദ്ധതികൾക്കായി പ്രതിവർഷം 60000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജൂലൈയിൽ സിദ്ധരാമയ്യ സർക്കാർ ബജറ്റ് അവതരിപ്പിച്ചേക്കും.മദ്യത്തിന് നികുതി വർധിപ്പിച്ച് വരുമാനം 35,000 കോടിയിൽ നിന്ന് 40000 കോടിയാക്കാനാണ് ലക്ഷ്യമിടുന്നത്.
2023-24 സാമ്പത്തിക വർഷത്തിൽ 35000 കോടിയായിരുന്നു ബൊമ്മൈ സർക്കാർ ലക്ഷ്യം വെച്ചതെങ്കിൽ 5000 കോടി അധികമാണ് സിദ്ധരാമയ്യ സർക്കാർ ലക്ഷ്യമിടുന്നത്. 47 ലക്ഷം കെയ്സാണ് കർണാടകയിലെ ഒരുമാസത്തെ ശരാശരി ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ഉപഭോഗം. 37 ലക്ഷം കെയ്സ് ബിയറും സംസ്ഥാനത്ത് ഒരുമാസം ഉപയോഗിക്കുന്നു.
ഇന്ത്യൻ നിർമ്മിത മദ്യത്തിന്റെ 18 നികുതി സ്ലാബുകളിലെല്ലാം ശരാശരി അഞ്ച് രൂപയുടെ അഡീഷണൽ എക്സൈസ് തീരുവ വർധിപ്പിക്കുമെന്നാണ് വിവരമെന്ന് കർണാടക വൈൻ മെർച്ചന്റ് അസോസിയേഷൻ ഭാരവാഹി ഹൊന്നഗിരി ഗൗഡ പറഞ്ഞു. ബിയറിന്റെ മേലുള്ള തീരുവയും വർധിപ്പിക്കും. ഒരു കുപ്പി ബിയറിന് 175% നികുതിയാണ് ഈടാക്കുന്നത്. ബിയറിന്റെ തീരുവ വർദ്ധന നാമമാത്രമായിരിക്കുമെന്നും സൂചനയുണ്ട്. ചർച്ചകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലായതിനാൽ ഒന്നും തീരുമാനമായിട്ടില്ലെന്നും മദ്യനയം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ബജറ്റിനായി നമുക്ക് കാത്തിരിക്കാമെന്നും എക്സൈസ് മന്ത്രി ആർ ബി തിമ്മാപൂർ പറഞ്ഞു.