ഉയർന്ന പെൻഷൻ കണക്കാക്കുന്നതിനുള്ള രീതി ഇപിഎഫ്ഒ പ്രഖ്യാപിച്ചു

ഉയർന്ന പെൻഷൻ കണക്കാക്കുന്നതിനുള്ള രീതി ഇപിഎഫ്ഒ പ്രഖ്യാപിച്ചു. 2014 സെപ്റ്റംബർ 1നു മുൻപു വിരമിച്ചവരുടെ പെൻഷൻ, വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 12 മാസത്തിന്റെ ശമ്പള ശരാശരി പ്രകാരവും ഇതിനു ശേഷമുള്ളവരുടെ പെൻഷൻ അവസാനത്തെ 60 മാസ ശമ്പള ശരാശരി പ്രകാരവുമാണ് കണക്കാക്കുക. ശരാശരി ശമ്പളത്തെ സേവനകാലയളവു കൊണ്ടു ഗുണിച്ച ശേഷം 70 കൊണ്ട് ഹരിച്ചുകിട്ടുന്നതാണ് പെൻഷൻ തുക.

ഉയർന്ന പെൻഷന് അർഹതയുള്ളവരുടെ അപേക്ഷ പരിഗണിക്കുമ്പോൾ ഫീൽഡ് ഓഫിസുകൾ‌ ഉറപ്പാക്കേണ്ട കാര്യങ്ങൾ:

∙ ഇപിഎഫ്ഒ നിശ്ചയിച്ച ശമ്പളപരിധിക്കു മുകളിലുള്ള ശമ്പളത്തിനും ആനുപാതികമായി, ജീവനക്കാർ വിരമിക്കുന്നതു വരെ തൊഴിലുടമ പിഎഫ് വിഹിതം അടച്ചിരിക്കണം.

∙  ഉയർന്ന ശമ്പളത്തിന്റെ പെൻഷൻ വിഹിതത്തിനും തൊഴിലുടമ നൽകേണ്ട കൈകാര്യച്ചെലവ് നൽകിയിട്ടുണ്ടാവണം.

∙ അധിക ശമ്പളത്തിന് ആനുപാതികമായ തുക ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ വരവുവയ്ക്കുകയും പലിശ നൽകിവരുന്നതുമാകണം.

∙ ഉയർന്ന പെൻഷനുള്ള അപേക്ഷയോടൊപ്പം 26(6) ഓപ്ഷനു പകരമായി ജീവനക്കാരന്റെ ശമ്പള വിവരം, ശമ്പള സ്ലിപ്, തൊഴിലുടമ കൂടി ചേർന്നു നൽകുന്ന അപേക്ഷ, ഉയർന്ന തുക പിഎഫിലേക്ക് സ്വീകരിക്കുന്നത് അംഗീകരിച്ച് പിഎഫ് ഓഫിസ് 2022 നവംബർ 4നു മുൻപ് നൽകിയിട്ടുള്ള കത്ത് എന്നിവയിലേതെങ്കിലും അപേക്ഷയ്ക്കൊപ്പം ഉണ്ടായിരിക്കണം.

ഇക്കാര്യങ്ങളെല്ലാം പാലിക്കുന്ന അപേക്ഷകളിൽ 26(6) ഓപ്ഷൻ നേരത്തേ നൽകിയതിന്റെ തെളിവ് ഹാജരാക്കിയിട്ടില്ലെങ്കിലും പെൻഷൻ അന്തിമമായി തീർപ്പാക്കുന്നതിനു മുൻപ് എപ്പോൾ വേണമെങ്കിലും തൊഴിലുടമ വഴി 26(6) ഓപ്ഷൻ നൽകാമെന്നാണ് സർക്കുലറിൽ പറയുന്നത്. എക്സംപ്റ്റഡ് വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇതു ബാധകമായിരിക്കുമെന്നും പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *