ക്ഷേമപദ്ധതികൾ പോലെ ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളിലും സുപ്രധാന മേഖലകളിലും ഒഴികെ കർശന സാമ്പത്തിക നിയന്ത്രണം വേണ്ടിവരുമെന്ന് എൽഡിഎഫ് യോഗം വ്യക്തമാക്കുന്നു.
സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി വിദേശ വായ്പയാണ് മുന്നണി കാണുന്നത്. ധനകാര്യ പ്രതിസന്ധിയുടെ പേരിൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ കഴിയില്ല. ഉൽപാദന മേഖലകളിലെ മൂലധന നിക്ഷേപത്തിനു കടമെടുക്കുന്നതു തെറ്റായ സമീപനമല്ല.
ജോലി ഭാരം സംബന്ധിച്ച പഠനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ പുനർവിന്യാസം ഉണ്ടാകും. തുല്യമായ ജോലി ഭാരം എല്ലാവർക്കും ഉണ്ടാകുന്ന തരത്തിൽ ആയിരിക്കണം മാറ്റി നിയമിക്കേണ്ടത്. സെക്രട്ടേറിയറ്റിൽ ആരംഭിച്ച സംവിധാനം മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കും.
ചികിത്സയുടെ കാര്യത്തിൽ അത്യുന്നത കേന്ദ്രമാക്കി കേരളത്തെ മാറ്റും. ഇതിനായി നിലവിൽ ഉള്ളതിനു പുറമേ വലിയ ആശുപത്രികൾ വരാൻ സഹായകരമായ നിലപാട് എടുക്കണം. സ്കൂൾതലത്തിൽ തന്നെ ആരോഗ്യ പരിപാലനത്തിനായി ഒരു പ്രത്യേക പദ്ധതി തയാറാക്കണം.
ഓരോ മണ്ഡലത്തിലും സ്വീവേജ് പ്ലാന്റ് സ്ഥാപിക്കും. നഗരസഭകൾ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ബിഒടി അടിസ്ഥാനത്തിൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനായി താൽപര്യപത്രം ക്ഷണിക്കണം. നദികൾ, കായലുകൾ, അണക്കെട്ടുകൾ എന്നിവിടങ്ങളിൽ നിറഞ്ഞു കിടക്കുന്ന മണൽ നീക്കാനുള്ള നടപടികൾ ഏകോപിപ്പിക്കാനായി സംസ്ഥാനതല സമിതിക്കു രൂപം നൽകണമെന്നും രേഖയിൽ നിർദേശിക്കുന്നു.