ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2022–2023 സാമ്പത്തിക വർഷം പ്രതീക്ഷിച്ചതിലും മികച്ചതാകുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ഈ സാമ്പത്തിക വർഷം 7 ശതമാനമെന്ന കണക്കുകൂട്ടൽ മറികടക്കാൻ കഴിയുമെന്നും ഗവർണർ പറഞ്ഞു. ജനുവരി മുതൽ മാര്‍ച്ച് വരെയുള്ള നാലാം പാദത്തിൽ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ രാജ്യത്തിനു കഴിഞ്ഞത് ജിഡിപി യിലും പ്രതിഫലിക്കുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചു.
ഏപ്രിലിൽ ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് ഇന്ത്യയുടെ ജിഡിപി 6.4% ആണ് പ്രവചിച്ചത്. 2024 സാമ്പത്തിക വർഷത്തിലിത് 6.7% ത്തിലെത്തുമെന്നും പ്രവചിച്ചിരുന്നു. സർക്കാർ പോളിസികളിൽ സ്വകാര്യനിക്ഷേപം വർധിക്കുന്നതും അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെട്ടതും രാജ്യത്തിന് ഗുണകരമായെന്ന് എഡിബി വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യത്തെ സാമ്പത്തിക നയം കർക്കശമാക്കിയതും രാജ്യാന്തര തലത്തിലുള്ള മാന്ദ്യവും ക്രൂഡ് വിലയിലെ ചാഞ്ചാട്ടവും 2023ലെ പ്രവചനത്തിൽ കല്ലുകടിയായി.
റേറ്റിങ്ങ് സ്ഥാപനമായ മൂഡീസ് മാത്രമാണ് ഇന്ത്യയുടെ വളർച്ചാ പ്രവചനം മെച്ചപ്പെടുത്തിയത്. മാർച്ച് ആദ്യവാരം പുറത്തിറക്കിയ റിപ്പോർട്ടിൽ 2023–24 സാമ്പത്തിക വർഷത്തെ ജിഡിപി 4.8% ത്തിൽ നിന്നു 5.5% ആക്കി ഉയർത്തി. ഇത്തവണത്തെ ബജറ്റിൽ മൂലധന ചെലവ് ഉയർത്തിയതും രാജ്യം സാമ്പത്തിക സ്ഥിരത കൈവരിച്ചതും മൂഡീസ് നേട്ടമായി വിലയിരുത്തി. കേന്ദ്ര സര്‍ക്കാർ 10 ലക്ഷം കോടി രൂപയാണ് ഇത്തവണ മൂലധന ചെലവിലേക്കായി മാറ്റിയത്. ഇത് രാജ്യത്തെ ജിഡിപിയുടെ 3.3 ശതമാനമാണ്. ആർ.ബി.െഎഗവർണറുടെ പ്രവചനം പോലെ ജിഡിപി 7%ത്തിലേക്കെത്തിയാൽ രാജ്യം സാമ്പത്തികമായി ഏറെ മുന്നിലാണെന്ന് കണക്കാക്കാം.