രാജ്യാന്തര ക്രെഡിറ്റ് കാർഡ് ഇടപാടിനെ ലിബറലൈസ്‌ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) കീഴിലാക്കി സർക്കാർ വിദേശനാണ്യ വിനിമയ ചട്ടം പരിഷ്കരിച്ചു. ഇതോടെ ജൂലൈ ഒന്നു മുതൽ ഇന്ത്യാക്കാർ വിദേശത്ത് ക്രെഡിറ്റ് കാർഡ് ഇടപാട് നടത്തിയാൽ അതിന്മേൽ 20 ശതമാനം സ്രോതസ്സിൽ നികുതി ശേഖരിക്കും. ഇതോടെ വിദേശ യാത്രാച്ചെലവ് കൂടും. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
വിദ്യാഭ്യാസം, ചികിത്സ എന്നിവയെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 2,50,000 ഡോളർ(ഏകദേശം 2 കോടി രൂപ) ആണ് എൽആർഎസ് പരിധി. ഇതിനു മുകളിലുള്ള ഇടപാടുകൾക്ക് റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. ക്രെഡിറ്റ് കാർഡുകളും ഈ പരിധിയിലാകും. വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നിയന്ത്രണം ബാധകമാകില്ല.
ഇന്ത്യയിലിരുന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വിദേശ സ്ഥാപനങ്ങളുടെ സേവനങ്ങളോ സാധനങ്ങളോ വാങ്ങാനും(പത്രവരിസംഖ്യ, ഒടിടി സബ്സ്ക്രിപ്ഷൻ തുടങ്ങിയവ) നിയന്ത്രണമില്ല. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ–ഫെബ്രുവരി കാലയളവിൽ ഇന്ത്യക്കാർ വിദേശ യാത്രയ്ക്കായി ചെലവാക്കിയത് 1251 കോടി ഡോളറാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 104 ശതമാനമാണ് വർധന.