വേദാന്ത– ഫോക്സ്കോൺ പദ്ധതി; കേന്ദ്രാനുമതി ഉടൻ

വേദാന്ത ഗ്രൂപ്പും ഫോക്സ്കോണും ചേർന്ന് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സെമി കണ്ടക്ടർ ഫാക്ടറിക്ക് ഉടൻ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചേക്കുമെന്നു റിപ്പോർട്ടുകൾ. വേദാന്ത ഫോക്സ്കോൺ സെമികണ്ടക്ടേഴ്സ് ലിമിറ്റഡ് (വിഎഫ്എസ്എൽ) സാങ്കേതിവിദ്യാ കൈമാറ്റത്തിന് രണ്ടു കമ്പനികളുമായി  കരാറായിട്ടുണ്ട്. 

അമേരിക്ക ആസ്ഥാനമായ ഗ്ലോബൽ ഫൗണ്ട്രീസ്, യൂറോപ്യൻ ചിപ് നിർമാണക്കമ്പനിയായ എസ്ടി മൈക്രോ ഇലക്ട്രോണിക്സ് എന്നീ കമ്പനികളുമായാണു കരാർ. ഈ രണ്ടു കമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങൾ വിഎഫ്എസ്എൽ ഐടി മന്ത്രാലയത്തിനു സമർപ്പിച്ചു. ഇന്ത്യൻ സെമികണ്ടക്ടർ  ദൗത്യത്തിന്റെ (ഐഎസ്എം) നോഡൽ മന്ത്രാലയം കൂടിയായ ഐടി മന്ത്രാലയം കരാർ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

1000 കോടി ഡോളറിന്റെ ഇന്ത്യൻ സെമികണ്ടക്ടർ ദൗത്യത്തിന്റെ കീഴിലാണ് വേദാന്ത– ഫോക്സ്കോൺ സംയുക്ത സംരംഭം. സെമികണ്ടക്ടർ പ്ലാന്റ് ഗുജറാത്തിലാണ് ആരംഭിക്കുന്നത്. വേദാന്തയ്ക്ക് 63%, ഫോക്സ്കോണിന് 37% എന്നിങ്ങനെയാണ് പദ്ധതിയിലെ പങ്കാളിത്തം. തുടക്കത്തിൽ 66,000 കോടി മുതൽമുടക്കി സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കുകയാണ് വിഎഫ്എസ്എല്ലിന്റെ ലക്ഷ്യം. 1.54 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ആകെ നടത്തുക. അഹമ്മദാബാദ് ജില്ലയിലെ ആയിരം ഏക്കറിൽ ഒരുങ്ങുന്ന പ്ലാന്റിൽ സെമി കണ്ടക്ടർ യൂണിറ്റ്, ഡിസ്പ്ലേ യൂണിറ്റ്, സെമി കണ്ടക്ടർ അസംബ്ലിങ്, ടെസ്റ്റിങ് യൂണിറ്റുകൾ എന്നിവയുണ്ടാകും. 

ഇലക്ട്രോണിക്സ്, ഓട്ടമോട്ടീവ് രംഗത്ത് അവിഭാജ്യ ഘടകമായ സെമികണ്ടക്ടറുകളുടെ ഇന്ത്യയിലെ വിപണി 2021ൽ 2720 കോടി ഡോളറിന്റേതായിരുന്നു. 2026ൽ ഇത് 6400 കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. 2021 ൽ പ്രഖ്യാപിച്ച ഐഎസ്എം പദ്ധതിക്ക് കേന്ദ്രസർക്കാർ പ്രത്യേക സബ്സിഡികളും അനുവദിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *