തിരുവനന്തപുരം ∙ സർക്കാർ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും നികുതി വരുമാനം വർധിപ്പിക്കാൻ സഹായകമായ ജിഎസ്ടി വകുപ്പ് പുനഃസംഘടന എങ്ങുമെത്തിയില്ല. പുനഃസംഘടനയ്ക്ക് മന്ത്രിസഭ തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തെങ്കിലും പുനഃസംഘടന എങ്ങനെ നടപ്പാക്കുമെന്നു വ്യക്തമാക്കുന്ന ഉത്തരവാണ് ഇനി ഇറങ്ങാനുള്ളത്.
ഉദ്യോഗസ്ഥരുടെ പുനർവിന്യാസം, ചുമതല, ഓഫിസുകളുടെ മാറ്റം തുടങ്ങിയവ സംബന്ധിച്ച് വ്യക്തത വരണമെങ്കിൽ ഇൗ ഉത്തരവിറങ്ങണം. മന്ത്രിസഭ തീരുമാനമെടുത്ത് 3 മാസം കഴിഞ്ഞിട്ടും പുനഃസംഘടന നടപ്പാക്കാത്തതിനാൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ മരവിച്ച മട്ടാണ്. രാജ്യത്ത് ജിഎസ്ടി നടപ്പാക്കി 5 വർഷം കഴിഞ്ഞിട്ടും പഴയ മൂല്യവർധിത നികുതി സമ്പ്രദായത്തിനു ചേർന്ന സംവിധാനത്തിലാണ് നികുതി വകുപ്പ് ഇപ്പോഴും പ്രവർത്തിക്കുന്നത്
ഇതു കാരണം ജിഎസ്ടി ഫലപ്രദമായി നടപ്പാക്കാനോ നികുതി ചോർച്ച തടയാനോ കഴിഞ്ഞിട്ടില്ല. കേന്ദ്ര സോഫ്റ്റ്വെയറിലേക്ക് സംസ്ഥാനവും മാറിയതാണ് അടുത്ത കാലത്തു നടത്തിയ വലിയ ചുവടുവയ്പ്. പുനഃസംഘടന കൂടി പൂർത്തിയായാലേ ജിഎസ്ടി പിരിവ് ഉൗർജിതമാക്കാൻ കഴിയൂ.