സിമന്റ് വില 500 രൂപയിലേക്കുയർന്നതോടെ നിർമാണ മേഖല വലിയ പ്രതിസന്ധിയിലേക്ക്

സിമന്റ് വില ബാഗിന് 500 രൂപയിലേക്കുയർന്നതോടെ നിർമാണ മേഖല വലിയ പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ദിവസം കമ്പനികൾ ബാഗിന് 15 രൂപ കൂടി ഉയർത്തിയതോടെയാണ് വില 490–500 രൂപയിലേക്ക് ഉയർന്നത്. കഴിഞ്ഞ വർഷം കൽക്കരി പ്രതിസന്ധിയെത്തുടർന്ന് വില 460 രൂപ വരെ ഉയർന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു.   കഴിഞ്ഞ മാർച്ചിൽ 390 രൂപ വരെ എത്തി. അതേസമയം വില ഉയർന്നുനിൽക്കുമ്പോഴും കമ്പനികൾ ഗോഡൗണുകൾ അടച്ചിട്ട് കൃത്രിമക്ഷാമമുണ്ടാക്കാനും അതുവഴി വില വീണ്ടും കൂട്ടാനുമുള്ള ശ്രമങ്ങളാണു നടത്തുന്നതെന്നും വ്യാപാരികൾ ആരോപിച്ചു. വരും ദിവസങ്ങളിൽ വില വീണ്ടും കൂട്ടിയേക്കുമെന്നാണു സൂചന.

ഏറ്റവും ഉയർന്ന നികുതി നിരക്കാണ് സിമന്റിന് ഈടാക്കുന്നത്. വിലയുടെ 28% ജിഎസ്ടിയായി സർക്കാരിനു ലഭിക്കും. നികുതി കേന്ദ്രത്തിനും സംസ്ഥാനത്തിനും പകുതി വീതമാണു ലഭിക്കുക. സിമന്റുമായുള്ള ചരക്കുനീക്കത്തിന് 12 ശതമാനമാണു ജിഎസ്ടി. ഉയർന്ന നികുതി വരുമാനം ലഭിക്കുന്നതിനാൽ സർക്കാർ തലത്തിലുള്ള ഇടപെടലുകൾ കാര്യക്ഷമമായുണ്ടാകുന്നില്ലെന്ന പരാതി വ്യാപകമാണ്.

Leave a Reply

Your email address will not be published. Required fields are marked *