ലോക പ്രശസ്ത ഫാഷൻ മേളയായ മെറ്റ് ഗാലയ്ക്ക് പരവതാനി വിരിച്ചത് ചേർത്തലയുടെ ‘കൈ’പ്പുണ്യം. ബെയ്ജ് വെള്ള നിറത്തിൽ ചുവപ്പും നീലയും കലർന്ന ചിത്രങ്ങളോടു കൂടിയ പരവതാനി ഫാഷൻ മേളയുടെ മനം കവർന്നു.ചേർത്തലയിലെ ‘എക്സ്ട്രാ വീവ്സ്’ എന്ന സ്ഥാപനം ‘നെയ്ത്ത് ബൈ എക്സ്ട്രാ വീവ്സ്’ എന്ന സബ് ബ്രാൻഡിൽ നിർമിച്ച പ്രകൃതിദത്ത പരവതാനികളിലൊന്നായിരുന്നു ഇത്. മഡഗാസ്ക്കറിൽ നിന്നുള്ള സീസൈൽ ചെടിയുടെ നാരുകൾ കൊണ്ടാണ് 7000 ചുതുരശ്ര മീറ്റർ പരവതാനി നിർമിച്ചത്. ഇത് 58 റോളുകളായി യുഎസിലേക്ക് അയച്ചു. അവിടത്തെ പ്രശസ്ത ചിത്രകാരന്മാർ ചിത്രങ്ങൾ വരച്ചു ചേർത്തു. മെറ്റ് ഗാലയിൽ രണ്ടു വർഷമായി പ്രകൃതിദത്ത പരവതാനികളാണ് ഉപയോഗിക്കുന്നത്.
ചേർത്തലയിലെ നെയ്ത്ത് വ്യവസായ കുടുംബത്തിൽ നിന്നാണ് ഈ ഉൽപന്നം. 1917ൽ ചേർത്തല ശക്തീശ്വരത്ത് വേലായുധൻ ‘ട്രാവൻകൂർ മാറ്റ് മേക്കിങ് കമ്പനി’ ആരംഭിച്ചു. 2000ൽ അദ്ദേഹത്തിന്റെ മകൻ സന്തോഷ് വേലായുധൻ എക്സ്ട്രാ വീവ്സ് തുടങ്ങി. 3 വർഷം മുൻപ് സന്തോഷിന്റെ മകൻ ശിവൻ സന്തോഷ്, ഭാര്യ നിമിഷ ശ്രീനിവാസൻ എന്നിവർ ചേർന്നു വീടുകൾക്കുള്ള ആഡംബര പരവതാനികൾക്കായി ‘നെയ്ത്ത് ബൈ എക്സ്ട്രാ വീവ്സി’ നു തുടക്കമിടുകയായിരുന്നു.